മുംബൈ : ഐപിഎല്ലിന്‍റെ 16ാം സീസണ്‍ ആരംഭിക്കാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സിന് കടുത്ത ആശങ്ക. സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയർസ്റ്റോ കളിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലിന് പരിക്കേറ്റ ഇംഗ്ലണ്ട് താരം സുഖം പ്രാപിച്ചുവരികയാണ്.
ബെയർസ്റ്റോയെ കളിപ്പിക്കുന്നതിനായി പഞ്ചാബിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്‍റെ ഹോം പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പാണ് ബെയർസ്റ്റോയ്‌ക്ക് പരിക്കേല്‍ക്കുന്നത്. യോര്‍ക്ഷെയറില്‍ സുഹൃത്തുക്കളോടൊപ്പം ഗോൾഫ് കളിക്കുന്നതിനിടെ വഴുതി വീണ താരത്തിന്‍റെ ഇടതുകാൽ ഒടിയുകയും കണങ്കാലിന് സ്ഥാനചലനം സംഭവിക്കുകയും ചെയ്യുകയായിരുന്നു.
ഇതേതുടര്‍ന്ന് 33കാരനായ ജോണി ബെയർസ്റ്റോ ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സെപ്‌റ്റംബറിന് ശേഷം ഇംഗ്ലണ്ട് കളിച്ച എല്ലാ മത്സരങ്ങളും ബെയർസ്റ്റോയ്ക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങളും ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍ അടുത്തിടെ താന്‍ ഓടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ബെയർസ്റ്റോ തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് പഞ്ചാബ് കിങ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കാതെ താരത്തെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസിക്ക് കഴിയില്ല. പഞ്ചാബിന്‍റെ മെഡിക്കൽ സ്റ്റാഫും ബെയർസ്റ്റോയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.