ദുബായ്:ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി (ICC Announced Prize Money For ODI World Cup 2023). 10 മില്യണ്‍ യുഎസ് ഡോളറാണ് (82,94,17,000 ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ടൂര്‍ണമെന്‍റില്‍ ആകെ വിതരണം ചെയ്യന്നത്. ടൂര്‍ണമെന്‍റില്‍ വിജയികളാവുന്ന ടീമിന് നാല് മില്യണ്‍ യുഎസ് ഡോളറാണ് (33,17,12,600 ഇന്ത്യന്‍ രൂപ) ഐസിസിയുടെ സമ്മാനം (Prize Money For ODI World Cup 2023 Winners) .
രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ യുഎസ് ഡോളറാണ് (16,58,56,300 ഇന്ത്യന്‍ രൂപ) ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ മത്സരങ്ങള്‍ക്കും ടീമുകള്‍ക്ക് 40,000 യുഎസ് ഡോളര്‍ (33,17,550 ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുമെന്ന് ഐസിസി പ്രസ്‌താവനയില്‍ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 100,000 യുഎസ് ഡോളറാണ് (82,91,895 ഇന്ത്യന്‍ രൂപ) ലഭിക്കുക.
ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. അതിഥേയര്‍ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്.
ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്ന 10 ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. മുംബൈയില്‍ നവംബര്‍ 15-നാണ് ആദ്യ സെമി ഫൈനല്‍. കൊല്‍ക്കത്തയില്‍ 16-ന് രണ്ടാം സെമി ഫൈനല്‍ മത്സരവും അരങ്ങേറും.