ലണ്ടന്‍: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിന് പുറത്താണ് യുവ താരം പൃഥ്വി ഷായുടെ സ്ഥാനം. നിലവില്‍ ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂര്‍ണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പില്‍ (Royal one day cup) നോര്‍ത്താംപ്‌ടണ്‍ഷെയറിനായാണ് (Northamptonshire) പൃഥ്വി ഷാ (prithvi shaw) കളിക്കുന്നത്. ഇവിടെ തന്‍റെ തകര്‍പ്പന്‍ ഫോം തുടരുകയാണ് 23-കാരന്‍.
ടീമിനായി വെടിക്കെട്ട് ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെ വീണ്ടും സെഞ്ചുറി പ്രകടനം നടത്തിയിരിക്കുകയാണ് പൃഥ്വി ഷാ. ഡര്‍ഹാമിനെതിരെ (Durham) കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 76 പന്തുകളില്‍ 125 റണ്‍സ് അടിച്ച താരം പുറത്താവാതെ നിന്നാണ് ടീമിന്‍റെ വിജയം ഉറപ്പിച്ചത്. 15 ഫോറുകളുും ഏഴ് സിക്‌സുകളും അടിച്ച പൃഥ്വി ഷാ 164.47 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കളിച്ചത്.
താരത്തിന്‍റെ മികവില്‍ ഡര്‍ഹാമിനെതിരെ മിന്നും വിജയമാണ് നോര്‍ത്താംപ്‌ടണ്‍ഷെയറിന് നേടാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡര്‍ഹാം 43.2 ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ലൂക്ക് പ്രോക്‌ടറാണ് ടീമിനെ തകര്‍ത്തത്.
ലിയാം ട്രെവാസ്‌കിസ് (37), ക്യാപ്റ്റൻ അലക്‌സ് ലീസ് (34), ജോനാഥൻ ബുഷ്‌നെൽ (32) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. 199 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന നോര്‍ത്താംപ്‌ടണ്‍ഷെയര്‍ 25.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. പൃഥ്വിക്കൊപ്പം റോബ് കിയോഗും (42) തിളങ്ങി.