ലണ്ടന്‍: ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി വാഴ്‌ത്തപ്പെട്ടിരുന്ന ബാറ്ററാണ് പൃഥ്വി ഷാ (Prithvi Shaw). 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറിയടിച്ചുകൊണ്ടായിരുന്നു താരം അന്താരാഷ്‌ട്ര കരിയര്‍ തുടങ്ങിയത്. എന്നാല്‍, പിന്നീടെത്തിയ പരിക്കും മൈതാനത്തിന് പുറത്തെ വിവാദങ്ങളും താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നുമകറ്റി.
പരിക്കിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാകട്ടെ ബാറ്റിങ്ങില്‍ പഴയ താളം വീണ്ടെടുക്കാനും പൃഥ്വി ഷായ്‌ക്കായിരുന്നില്ല. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്ന ഷാ പിന്നീട് ടീമിന് പുറത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന ഐപിഎല്ലിലും നിറം മങ്ങിയതോടെ താരത്തിന് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഈയൊരു സാഹചര്യത്തിലാണ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ കളിക്കാനായി പൃഥ്വി ഷാ ഇംഗ്ലണ്ടിലേക്ക് പറന്നത്. നോർത്താംപ്‌ടൺഷയർ (Northamptonshire) ടീമിനായാണ് പൃഥ്വി കളിക്കുന്നത്. ഇവിടെയും ആദ്യ രണ്ട് മത്സരത്തിലും നിറം മങ്ങിയ താരം മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി പ്രകടനത്തോടെ ചരിത്രനേട്ടമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
ഇന്നലെ (ഓഗസ്റ്റ് 09) സോമര്‍സെറ്റിനെതിരായ (Somerset) ഏകദിന മത്സരത്തിലായിരുന്നു ഷായുടെ വെടിക്കെട്ട് ബാറ്റിങ്. നോര്‍ത്താംപ്‌ടണ്‍ഷെയറിന് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ പൃഥ്വി ഷാ 153 പന്തില്‍ 244 റണ്‍സ് നേടിയാണ് പുറത്തായത്. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇരട്ടശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരവും മൂന്നാമത്തെ താരവുമായാണ് പൃഥ്വി മാറിയത്.