ലണ്ടന്‍:പ്രീമിയര്‍ ലീഗ് (Premier League) പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ആഴ്‌സണല്‍ (Arsenal). എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെ (Wolves) കീഴടക്കിയാണ് പീരങ്കിപ്പടയുടെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആര്‍ട്ടേറ്റയും സംഘവും സ്വന്തം കളിത്തട്ടില്‍ ജയം പിടിച്ചെടുത്തത് (Arsenal vs Wolves Match Result).
സീസണില്‍ 14 മത്സരം കളിച്ച ആഴ്‌സണല്‍ നേടുന്ന പത്താമത്തെ ജയമാണിത്. മൂന്ന് സമനിലയും ഒരു തോല്‍വിയും മാത്രം വഴങ്ങിയ അവര്‍ക്ക് നിലവില്‍ 33 പോയിന്‍റുണ്ട്. 13 മത്സരങ്ങളില്‍ നിന്നും 9 ജയം നേടി 29 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് (Premier League Points Table).
എമിറേറ്റ്‌സില്‍ വോള്‍വ്‌സിനെതിരെ കളിക്കാനിറങ്ങിയ ആഴ്‌സണലിന് വേണ്ടി ബുകായോ സാക്കയും (Bukayo Saka) മാര്‍ട്ടിന്‍ ഒഡേഗാര്‍ഡുമാണ് (Martin Odegaard) ഗോള്‍ നേടിയത്. ആദ്യ 15 മിനിറ്റിനുള്ളിലായിരുന്നു ഇരുവരുടെയും ഗോളുകള്‍. സന്ദര്‍ശകരായ വോള്‍വ്‌സിന് വേണ്ടി ബ്രസീലിയന്‍ താരം മതേയൂസ് കുന്യ (Matheus Cunha) ആശ്വസഗോള്‍ നേടി.
മത്സരത്തില്‍ ആദ്യാവസാനം വരെ ആധിപത്യം പുലര്‍ത്താന്‍ ആതിഥേയരായ ആഴ്‌സണലിന് സാധിച്ചു. എമിറേറ്റ്‌സില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ക്കുതന്നെ പീരങ്കിപ്പട ഗോളിനായി വോള്‍വ്‌സ് ബോക്‌സിലേക്ക് ഇരച്ചെത്തി. അതിന്‍റെ ഫലമായി ആറാം മനിറ്റില്‍ അവര്‍ ലീഡ് പിടിച്ചു.