കേരളം

kerala

ETV Bharat / sports

638 പന്തില്‍ 404*; യുവിയുടെ കൂറ്റന്‍ റെക്കോഡ് പൊളിച്ച് പ്രകാര്‍ ചതുര്‍വേദി - പ്രകാര്‍ ചതുര്‍വേദി

Prakhar Chaturvedi smashes Yuvraj Singh record: കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമായി കര്‍ണാടകയുടെ പ്രകാര്‍ ചതുര്‍വേദി

Prakhar Chaturvedi  Cooch Behar Trophy final  പ്രകാര്‍ ചതുര്‍വേദി  കൂച്ച് ബെഹാര്‍ ട്രോഫി
Prakhar Chaturvedi smashes Yuvraj Singh record for highest score in Cooch Behar Trophy final

By ETV Bharat Kerala Team

Published : Jan 15, 2024, 7:49 PM IST

ഷിമോഗ: കൂച്ച് ബെഹാര്‍ ട്രോഫി (Cooch Behar Trophy) ഫൈനലില്‍ മിന്നും പ്രകടനവുമായി കര്‍ണാടകയുടെ പ്രകാര്‍ ചതുര്‍വേദി. അണ്ടർ-19 ചതുര്‍ദിന ടൂർണമെന്റിന്റെ ഫൈനലില്‍ മുംബൈക്കെതിരെ പുറത്താവാതെ 404 റണ്‍സാണ് പ്രകാര്‍ ചതുര്‍വേദി അടിച്ചത്. ഇതോടെ കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കര്‍ണാടക ഓപ്പണര്‍ക്ക് കഴിഞ്ഞു. (Karnataka's Prakhar Chaturvedi smashes Yuvraj Singh's record for highest score in Cooch Behar Trophy final)

ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടറായിരുന്ന യുവരാജ് സിങ് സ്ഥാപിച്ച റെക്കോഡാണ് പ്രകാര്‍ ചതുര്‍വേദി പഴങ്കഥയാക്കിയത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പെ 1999 ഡിംസബറില്‍ ബിഹാറിനെതിരായ ഫൈനലില്‍ 358 റണ്‍സ് അടിച്ചതായിരുന്നു യുവരാജിന്‍റെ റെക്കോഡ്. കൂച്ച് ബെഹാര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് പ്രകാര്‍ ചതുര്‍വേദിയുടേത്.

2011-12 സീസണിൽ അസമിനെതിരെ മഹാരാഷ്‌ട്രയ്ക്കായി വിജയ് സോൾ പുറത്താകാതെ നേടിയ 451 റണ്‍സാണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. അതേസമയം കര്‍ണാടകയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ പ്രകാര്‍ ചതുര്‍വേദി 638 പന്തുകളാണ് നേരിട്ടത്. രണ്ട് ദിവസത്തോളം ക്രീസില്‍ നിന്ന താരം 46 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് അടിച്ചത്.

മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ പ്രകാര്‍ ചതുര്‍വേദിയുടെ പ്രകടനം ഏറെ നിര്‍ണായകമാവുകയും ചെയ്‌തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്‌ക്ക് പ്രകാര്‍ ചതുര്‍വേദി ഒറ്റയ്‌ക്ക് നേടിയ സ്‌കോറിനേക്കാള്‍ 24 റണ്‍സ് കുറവാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അതായത് 380 റണ്‍സിനാണ് മുംബൈയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചത്.

ആയുഷ്‌ മഹ്‌ത്ര (180 പന്തില്‍ 145), ആയുഷ് സച്ചിന് വര്‍തക് (98 പന്തില്‍ 73) എന്നിവരാണ് തിളങ്ങിയത്. മറുപടിക്ക് ഇറങ്ങിയ കര്‍ണാടക പ്രകാര്‍ ചതുര്‍വേദിയുടെ മികവില്‍ 223 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 890 റണ്‍സ് അടിച്ചു. സെഞ്ചുറി നേടിയ ഹർഷിൽ ധർമാനി (228 പന്തില്‍ 169), അര്‍ധ സെഞ്ചുറി നേടിയ കാര്‍ത്തിക് എസ്‌ യു (67 പന്തില്‍ 50), കാര്‍ത്തികേയ കെപി (107 പന്തില്‍ 72), സാമര്‍ഥ് എന്‍ (135 പന്തില്‍ 55*) എന്നിവരും തിളങ്ങി.

ആദ്യ വിക്കറ്റില്‍ കാര്‍ത്തികിനൊപ്പം 109 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പ്രകാര്‍ ചതുര്‍വേദി ഉയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഹർഷിൽ ധർമാനിയ്‌ക്കൊപ്പം 209 റണ്‍സും മൂന്നാം വിക്കറ്റില്‍ കാര്‍ത്തികേയ കെപിയ്‌ക്കൊപ്പം 152 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ 173 റണ്‍സാണ് സാമര്‍ഥിനൊപ്പം പ്രകാര്‍ ചതുര്‍വേദി നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ് 46 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. ആദ്യ ഇന്നിങ്‌സ് ലീഡിന്‍റെ മികവില്‍ കിരീടമുയര്‍ത്താന്‍ കര്‍ണാടകയ്‌ക്ക് കഴിഞ്ഞു.

ALSO READ:രഞ്‌ജി ട്രോഫി: കൊതിച്ച വിജയം തടഞ്ഞ് അസം, രണ്ടാം റൗണ്ടിലും കേരളത്തിന് സമനില

ABOUT THE AUTHOR

...view details