ആംസ്റ്റെല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്):നെതർലൻഡ്‌സ് ദേശീയ പുരുഷ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായി അലട്ടുന്ന പുറംവേദന കാരണമാണ് 34കാരനായ ഡച്ച് ഓള്‍റൗണ്ടര്‍ കളി മതിയാക്കുന്നത്. 2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും, മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് തോന്നിയതിനാലാണ് വിരമിക്കൽ തീരുമാനമെന്നും സീലാർ പ്രസ്‌താവനയില്‍ അറിയിച്ചു.
2006ൽ നെതർലൻഡിനായി അരങ്ങേറിയ താരം ദേശീയ ജേഴ്‌സിയിൽ 57 ഏകദിനങ്ങളും, 77 ടി20കളും കളിച്ചിട്ടുണ്ട്. 2018ലാണ് സീലാർ ഡച്ച് ടീമിന്‍റെ നായകനാവുന്നത്. 2009, 2014 ടി20 ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഡച്ച് ടീമിലും സീലാർ അംഗമായിരുന്നു.
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ച താരമാണ് പീറ്റർ സീലാർ. അടുത്തടുത്ത ഓവറുകളില്‍ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസഫ് പഠാന്‍ എന്നിവരെ പുറത്താക്കിയ താരത്തിന്‍റെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല.
also read: ഗ്രൗണ്ട്‌സ്‌മാനോട് ബഹുമാനമില്ലാതെ പെരുമാറി; റിതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമര്‍ശനം
നെതർലൻഡ്‌സിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരം, ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം (58 വിക്കറ്റുകള്‍), തുടങ്ങിയ റെക്കോഡുകള്‍ 17 വർഷത്തെ കരിയറിൽ സീലാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടീമിനെ നയിച്ച താരം രണ്ടാം മത്സരം കളിച്ചിരുന്നില്ല. മത്സരത്തിൽ സ്‌കോട്ട് എഡ്വേഡ്‌സാണ് ടീമിനെ നയിച്ചത്.