ലാഹോര്‍ :ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ലോകത്തെവിടെ ചിരവൈരികളായ ഇന്ത്യ - പാക് ടീമുകള്‍ ഏറ്റുമുട്ടിയാലും ആ മത്സരം കാണാനായി ആരാധകര്‍ ഒഴുകിയെത്താറുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം വീക്ഷിക്കുന്ന മത്സരമായതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നിലവില്‍ ഇത്തരത്തില്‍ താരങ്ങള്‍ക്ക് സമ്മര്‍ദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്‍റെ ഭാഗമായി വരുന്ന ഏകദിന ലോകകപ്പില്‍ പാക് ടീമിനൊപ്പം ഒരു സ്‌പോര്‍ട്‌സ് മനശ്ശാസ്ത്രജ്ഞനെയും ഇന്ത്യയിലേക്ക് അയക്കാന്‍ അവര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ നേരിടുക.
ഈ മത്സരം കാണാന്‍ കാണികളുടെ റെക്കോഡൊഴുക്കാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇന്ത്യയിലേക്ക് ആദ്യമായാണ് ക്രിക്കറ്റ് മത്സരത്തിനായി എത്തുന്നത്. ഈ സാഹചര്യത്തില്‍ ഒരു മനശ്ശാസ്ത്രജ്ഞനെ ഇന്ത്യയിലേക്ക് അയക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.
അതേസമയം ഇക്കാര്യത്തില്‍ നായകന്‍ ബാബര്‍ അസമുമായി പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫ് കൂടിക്കാഴ്‌ച നടത്തിയ ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളില്‍ ഫൈനലിലും സെമി ഫൈനലിലുമാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഏകദിന ലോകകപ്പിനായി ഒരു സൈക്കോളജിസ്റ്റിനെയും ടീമിനൊപ്പം അയക്കണമെന്നാണ് പിസിബി ചെയര്‍മാന്‍റെ ആവശ്യം.