ന്യൂഡല്‍ഹി : കൊവിഡില്‍ വലയുന്ന രാജ്യത്തിന് സഹായ വാഗ്ദാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. കൊവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്കകള്‍, കൊവിഡ് റിലീഫ് കിറ്റ് എന്നിവ ഒരുക്കുന്നതിനായി സംഭാവന നല്‍കുമെന്നാണ് താരം ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഹേംകുന്ത് ഫൗണ്ടേഷനുമായി സഹകരിച്ചാവും താരം കൊവിഡില്‍ കെെത്താങ്ങാവുക.
'രാജ്യത്തുടനീളമുള്ള കൊവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്കകള്‍, കൊവിഡ് റിലീഫ് കിറ്റുകള്‍ എന്നിവ നല്‍കുന്നതിനായി പണം നല്‍കിക്കൊണ്ട് ഹേംകുന്ത് ഫൗണ്ടേഷനെ ഞാന്‍ പിന്തുണയ്ക്കുന്നു. നഗരങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ ഗ്രാമീണ ഇന്ത്യയ്ക്കും, മെട്രോ ഇതര നഗരങ്ങൾക്കും വൈദ്യസഹായവും പിന്തുണയും നൽകുന്ന സംഘടനകളുമായി സഹകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായും' താരം ട്വീറ്റ് ചെയ്തു.