കറാച്ചി: പാക്കിസ്ഥാൻ വനിത താരം ആയിഷ നസീം (Ayesha Naseem) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിമരമിച്ചതായി റിപ്പോര്‍ട്ട്. 18 കാരിയായ ആയിഷ മതപരമായ കാരണങ്ങളാല്‍ ക്രിക്കറ്റ് മതിയാക്കിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. പാക് ഇതിഹാസ താരം വസിം അക്രം മികച്ച പ്രതിഭയെന്ന് വിലയിരുത്തിയ താരമാണ് ആയിഷ നസീം.
ടോപ് ഓര്‍ഡര്‍ ബാറ്ററായി പാകിസ്ഥാനുവേണ്ടി നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി20യിൽ 18.45 ശരാശരിയിൽ 369 റൺസാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തിൽ 33 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന വനിത ടി20 ലോകകപ്പിൽ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 25 പന്തിൽ 43 റൺസ് നേടി പുറത്താവാതെ നിന്ന ആയിഷയുടെ പ്രകനം ശ്രദ്ധേയമായിരുന്നു.
തന്‍റെ തീരുമാനത്തെക്കുറിച്ച് ആയിഷ ഇതിനകം തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 2020-ലെ വനിത ടി20 ലോകകപ്പിൽ തായ്‌ലൻഡിനെതിരെയാണ് ആയിഷ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. 2021 ജൂണിൽ വെസ്റ്റിൻഡീസിനെതിരെയും 33 പന്തില്‍ 45 റണ്‍സെടുത്ത് തിളങ്ങിയതോടെയാണ് ആയിഷ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത്.
പിന്നാലെ ശ്രീലങ്കക്കെതിരായ പരമ്പരയിലും താരം മിന്നി. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ആയിഷ അവസാന മത്സരം കളിച്ചത്. പരമ്പരയിലെ പ്രകടനത്തിന് പിന്നാലെയായിരുന്നു വസിം അക്രം താരത്തെ പുകഴ്ത്തിയത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തന്നെ ക്രിക്കറ്റ് മതിയാക്കിയതായി ആയിഷ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നാണ് ഉറവിടത്തെ ഉദ്ധരിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 'ഒരു പരിശീലന ക്യാമ്പിനും അസൈൻമെന്‍റിനുമായി ഞങ്ങള്‍ ആയിഷയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇനി ക്രിക്കറ്റ് കളിക്കാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവൾ ബോർഡിനെ അറിയിച്ചു. തീരുമാനം വ്യക്തിപരമാണെന്നും ഇസ്‌ലാമിക പ്രബോധനങ്ങൾക്കനുസൃതമായി ജീവിക്കാനാണ് ആഗ്രഹമെന്നുമാണ് അവള്‍ അറിയിച്ചത്' -പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉറവിടം പറഞ്ഞു.
ക്രിക്കറ്റ് കളിച്ചുകൊണ്ടുതന്നെ ഇസ്‌ലാമിക വിശ്വാസം പിന്തുരാമെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ നിദാ ദാര്‍ ഉള്‍പ്പെടെ ചില താരങ്ങള്‍ പറഞ്ഞുവെങ്കിലും ആയിഷ തന്‍റെ തീരുമാനം പിന്‍വലിക്കാനോ പുനർവിചിന്തനം നടത്താനോ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകളാണ് ആയിഷയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു സ്രോതസ് വെളിപ്പെടുത്തിയിരിക്കുന്നത്.
'തീര്‍ത്തും ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളാണ് ആയിഷ. ക്രിക്കറ്റ് കളിക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണ് ആയിഷയ്ക്ക് അനുമതി ലഭിച്ചത്. എന്നാൽ പാകിസ്ഥാൻ ടീമിനൊപ്പം വിവിധ രാജ്യങ്ങളിലേക്ക് പര്യടനം തുടങ്ങിയപ്പോൾ, വീട്ടിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് അവള്‍ ക്രിക്കറ്റ് പൂര്‍ണമായും ഉപേക്ഷിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെ പൂര്‍ണമായും പിന്തുരാന്‍ തീരുമാനിച്ചത്' -അദ്ദേഹം പറഞ്ഞു.
ALSO READ:Virat Kohli | കോലി വേറേ ലെവല്‍, വിജയത്തിന് പിന്നില്‍ ഇതാണ് കാരണം...ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ ഇങ്ങനെ