കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി പാകിസ്ഥാൻ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു പാകിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ 166 റണ്‍സിനൊതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ 576 റണ്‍സ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കയെ 188 റണ്‍സിന് ചുരുട്ടിക്കൂട്ടിയാണ് പാകിസ്ഥാൻ കൂറ്റൻ ജയം സ്വന്തമാക്കിയത്. സ്‌കോർ : ശ്രീലങ്ക 166, 188 & പാകിസ്ഥാന്‍: 576/5 ഡിക്ലയർ
സ്വന്തം മണ്ണിൽ ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ ടെസ്റ്റ് പരാജയമാണിത്. ജയത്തോടെ ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ നേടുന്ന ടീം എന്ന റെക്കോഡും പാകിസ്ഥാൻ സ്വന്തമാക്കി. ഏഴ് വിക്കറ്റ് നേടിയ നൊമാൻ അലിയാണ് ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തെറിഞ്ഞത്. അബ്‌ദുള്ള ഷെഫീഖ് (201), സൽമാൻ അലി അഗ (132) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിനയക്കാൻ 388 റണ്‍സിൽ കൂടുതൽ വേണമായിരുന്നു. എന്നാൽ ശ്രീലങ്കയുടെ ഇന്നിങ്‌സ് 188 റണ്‍സിന് ഒതുങ്ങുകയായിരുന്നു. 63 റണ്‍സ് നേടിയ എയ്‌ഞ്ചലോ മാത്യൂസിന് മാത്രമേ രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കൻ നിരയിൽ പിടിച്ച് നിൽക്കാനായുള്ളു.
41 റണ്‍സുമായി നായകൻ ദിമുത് കരുണരത്‌നെയും 33 റണ്‍സുമായി നിഷാൻ മധുഷകയും ചെറിയ രീതിയിൽ ചെറുത്ത് നിൽപ്പ് നടത്തി. കുശാൽ മെൻഡിസ് (14), ധനൻജയ ഡി സിൽവ (10), രമേഷ് മെൻഡിസ് (16) എന്നിവരാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. പാകിസ്ഥാനായി നൊമാൻ അലിയെക്കൂടാതെ നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.