ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ നെതര്‍ലന്‍ഡ്‌സിന് 287 റണ്‍സിന്‍റെ വിജയ ലക്ഷ്യം (Pakistan vs Netherlands Score Updates). ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാനും Muhammad Rizwan സൗദ് ഷക്കീലും Saud Shakeel ചേര്‍ന്നാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. മുഹമ്മദ് നവാസ് (43 പന്തുകളില്‍ 39), ഷദാബ് ഖാന്‍ (34 പന്തുകളില്‍ 32) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
നെതര്‍ലന്‍ഡ്‌സിനായി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ബാസ് ഡി ലീഡിന്‍റെ പ്രകടനമാണ് പാകിസ്ഥാനെ പിടിച്ച് കെട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. 9.1 ഓവറില്‍ മൂന്നിന് 38 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.
ഫഖര്‍ സമാന്‍റെ (15 പന്തില്‍ 12) വിക്കറ്റാണ് ടീമിന് ആദ്യം നഷ്‌ടമായത്. പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസം, ഇമാം ഉള്‍ ഹഖ് എന്നിവരും തിരിച്ച് കയറി. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ബാബര്‍ 18 പന്തുകളില്‍ നിന്നും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തുകളില്‍ 15 റണ്‍സായിരുന്നു ഇമാം ഉള്‍ ഹഖിന്‍റെ സമ്പാദ്യം.
തുടര്‍ന്ന് ഒന്നിച്ച സൗദ് ഷക്കീലും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് ടീമിനെ കൂട്ടത്തര്‍ച്ചയില്‍ നിന്നും കരകയറ്റി. നാലാം വിക്കറ്റില്‍ 120 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. സൗദ് ഷക്കീലിനെ (52 പന്തില്‍ 68) വീഴ്‌ത്തി ആര്യന്‍ ദത്താണ് നെതര്‍ലന്‍ഡ്‌സിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ മുഹമ്മദ് റിസ്‌വാനെയും (75 പന്തില്‍ 68) പാകിസ്ഥാന് നഷ്‌ടമായി.