പാക് ടീമിന് ഇന്ത്യന്‍ മണ്ണില്‍ ഊഷ്‌മള സ്വീകരണം ഹൈദരാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ ടീമിന് ഊഷ്‌മള വരവേല്‍പ്പ്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങിയ പാക് താരങ്ങള്‍ക്ക്, അവരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്. അതിശയിപ്പിക്കുന്നതായിരുന്നു ലഭിച്ച സ്വീകരണമെന്നും ഏറെ ആസ്വദിച്ചുവെന്നും പാക് പേസര്‍ ഹാരിസ് റൗഫ് മനസുതുറന്നു (Pakistan Team's Arrival).
സ്വീകരണത്തില്‍ മനം നിറഞ്ഞ് പാക് നിര : ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാക് ടീം ഇന്ത്യന്‍ മണ്ണിലെത്തുന്നത്. ലോകകപ്പിനായി ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച് ആദ്യഘട്ടങ്ങളില്‍ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞദിവസമാണ് ഇതെല്ലാം നീങ്ങി പാക് താരങ്ങള്‍ ഇന്ത്യയിലെത്താനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകകപ്പിനായി ഏറ്റവുമൊടുവില്‍ വിസ ലഭിക്കുന്ന രാജ്യാന്തര താരങ്ങളായും പാകിസ്ഥാന്‍ ടീം മാറിയിരുന്നു.
ക്രിക്കറ്റെന്ന കായിക വിനോദത്തോട് ഇന്ത്യയ്‌ക്കുള്ള അതിരില്ലാത്ത സ്‌നേഹമായിരുന്നു പാകിസ്‌താന്‍ താരങ്ങള്‍ക്ക് ലഭിച്ച സ്വീകരണത്തില്‍ വ്യക്തമായത്. ലോകോത്തര ബാറ്റര്‍ എന്ന നിലയില്‍ പാകിസ്‌താന്‍ നായകന്‍ ബാബര്‍ അസമിന് ഇന്ത്യന്‍ മണ്ണില്‍ സ്വീകരണം ലഭിച്ചതില്‍ അതിശയിക്കാന്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ടീമിനൊന്നാകെ ലഭിച്ച സ്വീകരണവും വിഐപി സുരക്ഷ ക്രമീകരണങ്ങളുമാണ് പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അമ്പരപ്പിച്ചത്.
സന്തോഷം പങ്കുവച്ച് പാക് ടീം : ആളുകൾ ഗ്രൗണ്ടിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരാധകരിൽ നിന്ന് വിമാനത്താവളത്തിൽ ഇത്തരത്തിലൊരു സ്വീകരണം ഞങ്ങളുടെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. അവർ ടീമിനായി കാത്തിരുന്നു. അതിന് സാക്ഷിയായതില്‍ അത്‌ഭുതപ്പെട്ടുവെന്നും താരങ്ങള്‍ പോലും ഇതില്‍ വികാരാധീനരായെന്നും പാകിസ്‌താന്‍ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
മതിമറന്നുവെന്ന് ബാബര്‍ അസം :പാക് ടീമിനായി സജ്ജീകരിച്ച ബഞ്ചാര ഹിൽസിലെ കനത്ത സുരക്ഷയുള്ള ഹോട്ടലിൽ എത്തിയ ബാബര്‍ അസമും പേസര്‍ ഷഹീന്‍ അഫ്രീദിയും അവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ലഭിച്ച സ്വീകരണത്തെ കുറിച്ച് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിക്കാനും മറന്നില്ല. ഹൈദരാബാദില്‍ ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും മതിമറന്നുവെന്നായിരുന്നു പാക് സ്‌റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന്‍റെ കുറിപ്പ്. ഇതുവരെ ലഭിച്ചതില്‍ മികച്ച സ്വീകരണമെന്ന് ഷഹീന്‍ അഫ്രീദിയും കുറിച്ചു.
സമയം പാഴാക്കാതെ പരിശീലനം :വെള്ളിയാഴ്‌ച ന്യൂസിലാന്‍ഡുമായി ലോകകപ്പ് സന്നാഹ മത്സരം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായാണ് പാകിസ്‌താന്‍ ടീം ഇന്ത്യയിലെത്തിയത്. അതുകൊണ്ടുതന്നെ താമസമൊരുക്കിയ ഹോട്ടലിലെത്തി വൈകാതെ തന്നെ ഇവര്‍ പരിശീലനത്തിനായി ഇറങ്ങി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കി നല്‍കിയ ഗ്രൗണ്ടില്‍ ബാറ്റിങ്ങിനായി ആദ്യമായി നെറ്റ്‌സിലെത്തിയത് ബാബര്‍ അസമും ഇഫ്‌തിഖര്‍ അഹമ്മദുമാണ്.
ഇവര്‍ക്കായി പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും പന്തെറിയാനെത്തി. സെപ്റ്റംബര്‍ 10 ന് ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം ആദ്യമായാണ് ഇരുവരും പന്തെറിയാനെത്തുന്നത്. മാത്രമല്ല, പേസര്‍ നസീം ഷായുടെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇടം നേടിയ ഹസന്‍ അലി, ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കലുടെ മേല്‍നോട്ടത്തില്‍ പരിശീലനത്തിലും ഏര്‍പ്പെട്ടു. ഏകദേശം രണ്ടര മണിക്കൂറാണ് പാക് താരങ്ങള്‍ പരിശീലനത്തിനായി ചെലവഴിച്ചത്.
താരങ്ങള്‍ എന്തുകഴിക്കും : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കും വിപുലമായ മെനുവാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ടീമുകള്‍ക്കൊന്നും തന്നെ ബീഫ് ലഭ്യമാക്കില്ല. അതുകൊണ്ടുതന്നെ ദൈനംദിന പ്രോട്ടീൻ ആവശ്യങ്ങള്‍ക്കായി ചിക്കന്‍, മട്ടന്‍, മത്സ്യങ്ങള്‍ എന്നിവയെയാണ് പാകിസ്‌താന്‍ ടീം ആശ്രയിക്കുക. ടീം ഡയറ്റ് ചാര്‍ട്ടില്‍ ഗ്രില്‍ഡ് ലാമ്പ് ചോപ്‌സ്, മട്ടന്‍ കറി, ബട്ടര്‍ ചിക്കന്‍, ഗ്രില്‍ഡ് മത്സ്യം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
കാർബോഹൈഡ്രേറ്റ് വിഭാഗത്തില്‍ ആവിയിൽ വേവിച്ച ബസ്മതി അരി, ഷെയ്‌ന്‍ വോണിന് പ്രിയപ്പെട്ട ഭക്ഷണമായിരുന്ന ബൊലോഗ്നീസ് സോസ് ഉപയോഗിച്ച ഇറ്റാലിയന്‍ വിഭവമായ സ്‌പഗെറ്റി, വെജിറ്റേറിയന്‍ പുലാവ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ഏതാണ്ട് രണ്ടാഴ്‌ചയോളം പാക് ടീമംഗങ്ങള്‍ ഇന്ത്യയിലുള്ളതുകൊണ്ടുതന്നെ അവര്‍ക്കുള്ള ഇടഭക്ഷണമായി ഹൈദരാബാദി ബിരിയാണിയും പരിഗണിക്കപ്പെടും.