ദുബായ് : ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനും ഓസ്‌ട്രേലിയയ്‌ക്കും എതിരായ മത്സരങ്ങളുടെ വേദികള്‍ പരസ്‌പരം മാറ്റാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. വേദിമാറ്റത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര്‍ഥന ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) നിരസിച്ചതായി റിപ്പോര്‍ട്ട്.
വേദികൾ മാറ്റുന്നതിന് സാധുവായ കാരണം നൽകാത്തതിനാലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യർഥന ഐസിസിയും ബിസിസിഐയും ഔദ്യോഗികമായി തള്ളിയതെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന സംയുക്ത യോഗത്തിലാണ് നടപടി.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന്‍റെ ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ ഫീഡ് ബാക്കിനായി അംഗ രാജ്യങ്ങള്‍ക്ക് ബിസിസിഐ അയച്ചിരുന്നു. ഇതുപ്രകാരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ മത്സരം നടക്കുക. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരമാവട്ടെ ബെംഗളൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
പരമ്പരാഗതമായി സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. ഇവിടെ അഫ്‌ഗാനിസ്ഥാന്‍ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവര്‍ക്കെതിരെ കളിക്കുന്നത് ആത്മഹത്യാപരമാവുമെന്നാണ് പാകിസ്ഥാന്‍റെ വിലയിരുത്തല്‍. ബാറ്റിങ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസിനെ നേരിടുന്നത് വെല്ലുവിളിയാവുമെന്നും സംഘം കരുതുന്നുണ്ട്. ഇതോടെ ഓസ്‌ട്രേലിയക്കും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളുടെ വേദികള്‍ പരസ്‌പരം മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐസിസിക്ക് കത്ത് നല്‍കിയിരുന്നു.
സാധാരണയായി, സുരക്ഷ കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് വേദിമാറ്റത്തിന് അനുമതി നല്‍കാറുള്ളത്. 2016-ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ സുരക്ഷ കാരണങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍റെ മത്സരത്തിന്‍റെ വേദിയില്‍ മാറ്റം വരുത്തിയിരുന്നു. ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരം അന്ന് കൊല്‍ക്കത്തയിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ തങ്ങളുടെ കരുത്തിന് അനുസരിച്ച് ഒരു ടീം ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുന്നത് ഇത് ആദ്യ സംഭവമാണ്.
ടീമിന്‍റെ കരുത്തിന് അനുസരിച്ചുള്ള വേദികള്‍ക്ക് മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മാനേജ്‌മെന്‍റിന് സെലക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് വിവരം. ബോർഡിന്‍റെ അനലിറ്റിക്‌സ്, ഡാറ്റ, ടീം സ്ട്രാറ്റജി വിദഗ്ധർക്ക് ചുമതല നല്‍കിയിരുന്നുവെന്നും ഇവരുടെ നിര്‍ദേശ പ്രകാരമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വേദിമാറ്റം ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നോക്കൗട്ടില്‍ അല്ലാതെ കളിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ ഐസിസി തീരുമാനം പുറത്തുവന്നിട്ടില്ല.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ഐസിസി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ പാകിസ്ഥാന്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രഖ്യാപനം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായതെന്ന് നേരത്തെ ബിസിസിഐ ഉദ്യോഗസ്ഥാന്‍ പ്രതികരിച്ചിരുന്നു.
ALSO READ : Duleep Trophy: 'തിളയ്‌ക്കാനൊരുങ്ങി യുവരക്തങ്ങൾ', ടീം ഇന്ത്യയുടെ വയസൻ പടയ്ക്ക് ഭീഷണിയാകാൻ ദുലീപ് ട്രോഫി
ഡ്രാഫ്റ്റ് ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡും തമ്മിലാണ് ഉദ്‌ഘാടന മത്സരം കളിക്കുക. ഒക്‌ടോബർ 15-ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. നവംബർ 19-ന് ഇതേ വേദിയില്‍ തന്നെയാണ് ഫൈനല്‍.