ലാഹോര്‍:ലോക ക്രിക്കറ്റില്‍ ടീം ഇന്ത്യ നാശത്തിന്‍റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ സര്‍ഫറാസ് നവാസ് (Sarfaraz Nawaz). സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കാന്‍ ഇരിക്കുമ്പോഴും മികച്ച ഒരു ടീം കോമ്പിനേഷന്‍ ഇന്ത്യയ്‌ക്ക് ഇതുവരയെും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യ കപ്പിലും (Asia Cup) ഏകദിന ലോകകപ്പിലും (ODI World Cup) ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ മുന്‍തൂക്കം പാകിസ്ഥാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ലോകകപ്പില്‍ ചിരവൈരികളായ ഇരു ടീമും തമ്മിലേറ്റുമുട്ടുന്നത് കാണാന്‍ ഇരു ടീമും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ ഒക്‌ടോബര്‍ 14ന് അഹമ്മദാബാദില്‍ വച്ചാണ് ഇന്ത്യ, പാക് പോര്.
അതിന് മുന്‍പായി ഏഷ്യ കപ്പിലും ഇരു ടീമുകളും തമ്മിലേറ്റുമുട്ടും. സെപ്‌റ്റംബര്‍ രണ്ടിനാണ് ഈ മത്സരം. തുടര്‍ന്ന്, ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും ഫൈനലിലും മുഖാമുഖം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
'ലോകകപ്പിലും ഏഷ്യ കപ്പിലും ഇന്ത്യയേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ബാബര്‍ അസം നയിക്കുന്ന പാകിസ്ഥാന് സാധിക്കും. രണ്ട് പ്രധാന ടൂര്‍ണമെന്‍റുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈയൊരു ഘട്ടത്തില്‍പ്പോലും മികച്ചൊരു ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യയ്‌ക്കായിട്ടില്ല. പല പരമ്പരകളിലും അവരുടെ ക്യാപ്‌റ്റന്‍മാര്‍ മാറുന്നു, കളിക്കാരെ മാറി മാറി പരീക്ഷിക്കുന്നു, ശരിയായ ഒരു കോമ്പിനേഷന്‍ പോലും ഇന്ത്യയ്‌ക്കായിട്ടില്ല.
നിലവില്‍ ഇന്ത്യന്‍ ടീം ഉയര്‍ച്ചയിലേക്കല്ല, നാശത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ലോകകപ്പ് അവരുടെ സ്വന്തം മണ്ണിലാണ് നടക്കുന്നത്. ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ എല്ലാ ടീമുകള്‍ക്കും ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടാകും.
ആ പ്രതീക്ഷ അവരെ സമ്മര്‍ദത്തിലേക്കാണ് എത്തിക്കുന്നത്. നിലവില്‍, മികച്ച പരിചയ സമ്പന്നരായ താരങ്ങള്‍ ഉണ്ടെന്നുള്ളത് അവരുടെ പ്ലസ് പോയിന്‍റാണ്' -സര്‍ഫറാസ് നവാസ് പറഞ്ഞു. ബാബര്‍ അസമിന് കീഴില്‍ പാകിസ്ഥാന്‍ ടീം ലോകകപ്പിലും ഏഷ്യ കപ്പിലും മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രണ്ട് ടൂര്‍ണമെന്‍റിലും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ മികച്ച പ്രകടനം നടത്തുമെന്നാണ് എന്‍റെ വിശ്വാസം. കാരണം, സ്ഥിരതയുള്ളൊരു ടീമാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. മികച്ച രീതിയിലാണ് ബാബര്‍ അസം അവരെ നയിക്കുന്നത്.
അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയ്‌ക്കും ഏഷ്യ കപ്പിനുമായി മികച്ച ടീമിനെയാണ് പാകിസ്ഥാന്‍ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഷഹീന്‍ ഷ അഫ്രീദി പാകിസ്ഥാനായി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത്' -സര്‍ഫറാസ് നവാസ് വ്യക്തമാക്കി.
പാകിസ്ഥാന്‍ സ്‌ക്വാഡ് (അഫ്‌ഗാനിസ്ഥാന്‍ പരമ്പര, ഏഷ്യ കപ്പ്):ബാബർ അസം (ക്യാപ്റ്റൻ), ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ, അബ്‌ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ഇഫ്‌തിഖർ അഹമ്മദ്, ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഗ, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഫഹീം അഷ്‌റഫ്, നസീം ഷാ, തയ്യബ് താഹിർ, മുഹമ്മദ് വസീം ജൂനിയർ, ഷഹീൻ ഷാ അഫ്രിദി, ഉസാമ മിർ, സൗദ് ഷക്കീൽ (അഫ്‌ഗാനിസ്ഥാൻ പരമ്പരയ്ക്ക് മാത്രം).