ലാഹോര്‍: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പിനായി ബിസിസിഐ ടീമിനെ അയച്ചില്ലെങ്കില്‍ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി റമീസ് രാജയുടെ പ്രസ്‌താവനയ്‌ക്കെതിരെ മുൻ സ്‌പിന്നർ ഡാനിഷ് കനേരിയ. ഒരു ഐസിസി ഇവന്‍റ് ബഹിഷ്‌കരിക്കാനുള്ള ധൈര്യം പിസിബിയ്‌ക്ക് ഇല്ലെന്ന് കനേരിയ പറഞ്ഞു.
പാക് ടീം അത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ അതിന്‍റെ നഷ്‌ടം ഇന്ത്യയ്‌ക്കല്ല, പാകിസ്ഥാനാണ്. കാരണം ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് ബിസിസിഐ ശ്രദ്ധിക്കുന്നില്ലെന്നും കനേരിയ പറഞ്ഞു. "ഒരു ഐസിസി ഇവന്‍റ് ബഹിഷ്‌കരിക്കാൻ പിസിബിക്ക് ധൈര്യമില്ല.
മറുവശത്ത്, പാകിസ്ഥാൻ വന്നില്ലെങ്കിൽ ഇന്ത്യ അത് കാര്യമാക്കുന്നില്ല. അവർക്ക് ധാരാളം വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വലിയ വിപണിയുണ്ട്. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ ചെന്നില്ലെങ്കില്‍ നഷ്‌ടം പാകിസ്ഥാന് തന്നെയാണ്", കനേരിയ പറഞ്ഞു.
പാകിസ്ഥാന്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ എത്തുമെന്നും കനേരിയ പറഞ്ഞു. "പാകിസ്ഥാൻ ആത്യന്തികമായി ഇന്ത്യയിലേക്ക് പോകുക തന്നെ ചെയ്യും. ഐസിസിയുടെ സമ്മർദം ഉള്ളതിനാൽ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്നാവും ഉദ്യോഗസ്ഥർ പറയുക. ഐസിസി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചാൽ അത് പാകിസ്ഥാൻ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കും", കനേരിയ കൂട്ടിച്ചേർത്തു.
അതേസമയം ഇത്തരം പ്രസ്‌താവനകളില്‍ നിന്നും റമീസ് രാജ വിട്ടുനില്‍ക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു. 2023 ലെ ഏഷ്യ കപ്പിന് ഇനിയും ധാരാളം സമയമുണ്ട്. പാകിസ്ഥാൻ ജനത ഏഷ്യ കപ്പ് അവരുടെ മണ്ണില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു.