ഇസ്‌ലാമാബാദ് :മാസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്ത്യ വേദിയാകുന്ന ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുവാദം നൽകി പാക് സർക്കാർ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പോര്‍ട്‌സും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
'സ്‌പോർട്‌സിനെ രാഷ്‌ട്രീയത്തിൽ കൂട്ടിക്കലർത്തരുതെന്നാണ് പാകിസ്ഥാൻ സ്ഥിരമായി വാദിക്കുന്നത്. അതിനാൽ വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ അവസ്ഥ അന്താരാഷ്‌ട്ര കായിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിറവേറ്റുന്നതിന് തടസമാകരുതെന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നു.
ഏഷ്യ കപ്പിനായി ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇന്ത്യയുടെ അചഞ്ചലമായ മനോഭാവത്തിനെതിരെ ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ സമീപനമാണ് പാകിസ്ഥാന്‍റെ തീരുമാനം കാണിക്കുന്നത്. എന്നിരുന്നാലും, പാകിസ്ഥാന് അവരുടെ ക്രിക്കറ്റ് ടീമിന്‍റെ സുരക്ഷയെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകളുണ്ട്.
ഈ ആശങ്കകൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെയും ഇന്ത്യൻ അധികാരികളെയും അറിയിക്കുകയാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ മുഴുവൻ സുരക്ഷയും സൗകര്യവും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.' പത്രക്കുറിപ്പ് വ്യക്‌തമാക്കി. ഒക്‌ടോബറിലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക.
പോരാട്ടത്തിന് കളമൊരുങ്ങി : അതേസമയം ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബര്‍ 14-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം. ഗുജറാത്തിലെ അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം തിങ്ങിനിറയുമെന്ന കാര്യം ഇപ്പോഴേ ഉറപ്പായിക്കഴിഞ്ഞു.
നേരത്തെ ഒക്‌ടോബർ 15 നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ ഒക്‌ടോബർ 15ന് ഗുജറാത്തില്‍ നവരാത്രി ആഘോഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സുരക്ഷ ഏജന്‍സികള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് തീയതിയില്‍ മാറ്റമുണ്ടായത്. ഐസിസിയും ബിസിസിഐയും മുന്നോട്ട് വച്ച നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.
ALSO READ :ODI World Cup 2023 |ഈ ഡേറ്റിന് പാകിസ്ഥാൻ ഓകെയാണ്, ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം ഒക്‌ടോബര്‍ 14-ന്
പാകിസ്ഥാന്‍റെ മറ്റൊരു മത്സരത്തിന്‍റെ തീയതിയിലും ഐസിസി മാറ്റം വരുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 12-ന് ഹൈദരാബാദില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നിശ്ചയിച്ച മത്സരം ഒക്‌ടോബര്‍ പത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതോടെ ഇന്ത്യയുമായുള്ള മത്സരത്തിന് മുന്നേ പാകിസ്ഥാന് മൂന്ന് ദിവസത്തെ വിശ്രമം ലഭിക്കും. ലോകകപ്പിന്‍റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.
സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി പാകിസ്ഥാൻ : അതേസമയം ഇന്ത്യക്കെതിരായി കളിക്കുന്നതിന്‍റെ മാനസിക സമ്മർദ്ദം പാകിസ്ഥാനെ പിടികൂടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ കാണികൾക്ക് നടുവിൽ നടക്കുന്ന മത്സരത്തിന് മാനസികമായി തയ്യാറെടുക്കാൻ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.