കൊളംബോ : ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പ് (ACC Emerging Teams Asia Cup) പാകിസ്ഥാന്. ഫൈനലിൽ ഇന്ത്യ എയെ 129 റണ്‍സിന് തകർത്താണ് പാകിസ്ഥാൻ എ കിരീടം നിലനിർത്തിയത്. ഫൈനലിൽ പാകിസ്ഥാന്‍റെ 352 റണ്‍സ് എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ 224 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 61 റണ്‍സ് നേടിയ ഓപ്പണർ അഭിഷേക് ശർമക്ക് മാത്രമേ ഇന്ത്യൻ നിരയിൽ പാകിസ്ഥാൻ ബോളർമാരെ ചെറുത്ത് നിൽക്കാനായുള്ളു.
പാകിസ്ഥാന്‍റെ വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ സായ് സുദർശനും, അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സായ് സുദർശനെ (29) പുറത്താക്കിയാണ് പാകിസ്ഥാൻ ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ക്രീസിലെത്തിയ നികിൽ ജോസ് (11) നിലയുറപ്പിക്കും മുന്നേ കൂടാരം കയറി.
തുടർന്നെത്തിയ നായകൻ യാഷ് ദുൾ അഭിഷേക് ശർമക്ക് മികച്ച പിന്തുണ നൽകി സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. ഈ കൂട്ടുകെട്ട് ശക്‌തിയോടെ മുന്നേറിയതോടെ ഇന്ത്യ വിജയവും പ്രതീക്ഷിച്ചു. എന്നാൽ ടീം സ്‌കോർ 132ൽ നിൽക്കെ അഭിഷേക് ശർമയെ ഇന്ത്യക്ക് നഷ്‌ടമായി. 51 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 61 റണ്‍സ് നേടിയായിരുന്നു താരത്തിന്‍റെ മടക്കം.
അഭിഷേക് മടങ്ങിയതോടെ ഇന്ത്യൻ നിരയും തകർന്ന് തുടങ്ങി. തുടർന്ന് ക്രീസിലെത്തിയ നിഷാന്ത് സിന്ധു (10) അതിവേഗം മടങ്ങി. തൊട്ടുപിന്നാലെ നായകൻ യാഷ് ദുൾ കൂടി പുറത്തായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. 41 പന്തിൽ നാല് ഫോറുകൾ സഹിതം 39 റണ്‍സ് നേടിയായിരുന്നു താരത്തിന്‍റെ മടക്കം. ഇതോടെ ഇന്ത്യ 25.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 159 റണ്‍സ് എന്ന നിലയിലേക്ക് വീണു.
ശേഷം ധ്രൂവ് ജുറൽ, റിയാൻ പരാഗ് സഖ്യത്തിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. എന്നാൽ ജുറൽ ഒൻപത് റണ്‍സുമായും, പരാഗ് 14 റണ്‍സുമായും പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ഹർഷിത് റാണയും (13), രാജ്‌വർധൻ ഹംഗർഗേക്കറും (11) അതിവേഗം മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.
വാലറ്റത്ത് മാനവ് സുതാർ, യുവ്‌രാജ്‌സിങ് ദോദിയ എന്നിവർ അൽപനേരം പിടിച്ചു നിന്നു. എന്നാൽ 39-ാം ഓവറിന്‍റെ അവസാന പന്തിൽ യുവ്‌രാജ്‌സിങ് ദോദിയയെ (5) പുറത്താക്കി പാകിസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു. മാനവ് സുതാർ 7 റണ്‍സുമായി പുറത്താകാതെ നിന്നു.
പാകിസ്ഥാനായി സുഫിയാൻ മുഖീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അർഷാദ് ഇഖ്‌ബാൽ, മെഹ്‌റിൻ മുംതാസ്, മുഹമ്മദ് വസിം ജൂനിയർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുബാസിർ ഖാൻ ഒരു വിക്കറ്റും നേടി. 2019 ലാണ് അവസാനമായി എമേർജിങ് ടീംസ് ഏഷ്യ കപ്പ് നടന്നത്. അന്ന് ഫൈനലിൽ ബംഗ്ലാദേശിനെതിരെ 77 റണ്‍സിനെ തകർപ്പൻ ജയം നേടിയാണ് പാകിസ്ഥാൻ കിരീടത്തിൽ മുത്തമിട്ടത്.
ഇന്ത്യയെ തകർത്ത സെഞ്ച്വറി : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ തയ്യബ് താഹിറിന്‍റെ സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. 71 പന്തുകളിൽ നിന്ന് 108 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഓപ്പണർമാരായ സയിം അയൂബും, സാഹിബ്‌സാദ ഫര്‍ഹാനും ചേർന്ന് മികച്ച തുടക്കമാണ് പാകിസ്ഥാന് സമ്മാനിച്ചത്.
ഒന്നാം വിക്കറ്റിൽ 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 51 പന്തുകളില്‍ 59 റണ്‍സെടുത്ത സയിം അയൂബിനെ മടക്കി മാനവ് സുതറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിനിടെ സാഹിബ്‌സാദ ഫര്‍ഹാന്‍ (65) റണ്‍ഔട്ട് ആയത് ഇന്ത്യക്ക് ആശ്വാസമായി. തുടർന്ന് നാലാം നമ്പറിൽ ക്രീസിലെത്തിയ തയ്യബ് താഹിർ നിലയുറപ്പിച്ച് കളിച്ചു.
ഇതിനിടെ ഒമര്‍ ബിന്‍ യൂസഫ് (35), ഖാസിം അക്രം (0), ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ് (2) എന്നിവര്‍ പുറത്തായതോടെ പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 187 റണ്‍സ് എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ, തയ്യബ് താഹിൽ ഒരുവശത്ത് തകർത്തടിക്കുന്നുണ്ടായിരുന്നു. ആറാം വിക്കറ്റില്‍ മുബഷിര്‍ ഖാനൊപ്പം 126 റണ്‍സാണ് താരം കൂട്ടിച്ചേർത്തത്. തയ്യബ് താഹിര്‍ മടങ്ങുമ്പോള്‍ 44.5 ഓവറില്‍ 313 എന്ന മികച്ച നിലയിലായിരുന്നു പാകിസ്ഥാന്‍.
പിന്നാലെ മുബസിര്‍ ഖാന്‍ (35), മെഹ്‌റന്‍ മുംതാസ് (13) എന്നിവരും പുറത്തായി. മുഹമ്മജ് വസീം ജൂനിയര്‍ (10 പന്തില്‍ 17), സുഫിയാന്‍ മുഖീം (8 പന്തില്‍ 4) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോൾ ഹര്‍ഷിത് റാണ, മാനവ് സുതര്‍, നിശാന്ത് സിന്ധു എന്നിവര്‍ ഒരോ വിക്കറ്റും നേടി.