ഷാര്‍ജ: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്‌ഗാനിസ്ഥാന്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടി20കളും വിജയിച്ചാണ് ഒരു കളി ബാക്കി നില്‍ക്കെ തന്നെ അഫ്‌ഗാനിസ്ഥാന്‍ പരമ്പര പിടിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് അഫ്‌ഗാന്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 133 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 49 പന്തില്‍ 44 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍.
പതിഞ്ഞ തുടക്കമായിരുന്നു അഫ്‌ഗാന് ലഭിച്ചത്. ബാറ്റിങ് പ്രയാസമായ പിച്ചില്‍ നാലാം ഓവറിന്‍റെ അവസാന പന്തില്‍ സംഘത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത ഉസ്മാന്‍ ഗനിയെ ബൗള്‍ഡാക്കി സമന്‍ ഖാനാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഒന്നിച്ച ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് സംഘത്തെ മുന്നേട്ട് നയിച്ചു.
പ്രതിരോധത്തിലൂന്നി ഇരുവരും കളിച്ചതോടെ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല. 16ാം ഓവറിന്‍റെ മൂന്നാം പന്തില്‍ റഹ്‌മാനുല്ല ഗുര്‍ബാസ് റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 86 റണ്‍സായിരുന്നു ഈ സമയം അഫ്‌ഗാന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
18ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഇബ്രാഹിം സദ്രാനും പുറത്തായി. 40 പന്തില്‍ 38 റണ്‍സായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. ഈ സമയം 102 റണ്‍സായിരുന്നു അഫ്‌ഗാന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നജീബുല്ല സദ്രാനും ചേര്‍ന്നാണ് അഫ്‌ഗാന് വിജയം ഒരുക്കിയത്.