മുംബൈ :ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയ്‌ക്കും ഏറെ അഭിമാനിക്കാനുള്ള നിമിഷമാണിത്. 95-ാമത് പതിപ്പില്‍ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഡോക്യുമെന്‍ററി ഫിലിമിനുമുള്ള പുരസ്‌കാരങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ നേടിയത്. മികച്ച ഗാനമായി രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'വും മികച്ച ഡോക്യുമെന്‍ററി ഫിലിമായി 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സു'മാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഈ നേട്ടങ്ങള്‍ക്ക് ഇരു ചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലടക്കം നിറയുന്നത്. കായിക ലോകത്ത് നിന്നുള്‍പ്പടെ നാനാതുറകളിലുള്ളവർ 'ആർആർആർ', 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്', ടീമുകളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്, മുന്‍ താരങ്ങളായ വിരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്‌മണ്‍, ആകാശ് ചോപ്ര, അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇരു ചിത്രങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് താരങ്ങള്‍.
'നമ്മുടെ രാജ്യത്തിന് ലഭിച്ച സർഗാത്മക പ്രതിഭകൾക്ക് അവിശ്വസനീയമാംവിധം അഭിമാനകരമായ നിമിഷം'. എന്നാണ് ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "എല്ലായിടത്തും 'നാട്ടു നാട്ടു'. ഇന്ത്യൻ സിനിമയ്‌ക്ക് മഹത്വം നല്‍കിയ 'ആർആർആർ'ന്‍റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ'' - എന്നാണ് സെവാഗിന്‍റ ട്വീറ്റ്.
ഓസ്‌കര്‍ വേദിയെ ഇളക്കിമറിച്ച് 'നാട്ടു നാട്ടു': ഒറിജിനൽ സോങ് വിഭാഗത്തില്‍ പുരസ്‍കാരം ലഭിക്കുന്ന ഒരു ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനമാണ് നാട്ടു നാട്ടു. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് എംഎം കീരവാണി ഈണമിട്ടപ്പോള്‍ കാലഭൈരവയും രാഹുലും ചേര്‍ന്നാണ് ഗാനം പാടിയത്. ഓസ്‌കര്‍ പുരസ്‌കാര വേദിയായ ഡോള്‍ബി തിയേറ്ററിനെ ഇളക്കിമറിച്ചുകൊണ്ട് 'നാട്ടു നാട്ടു' അവതരിപ്പിക്കപ്പെട്ടിരുന്നു.
പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ വരവേറ്റത്. സംഗീത സംവിധായകന്‍ എംഎം കീരവാണിയും രചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടാനും നാട്ടു നാട്ടുവിന് കഴിഞ്ഞിരുന്നു. കൂടാതെ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും ഗാനം സ്വന്തമാക്കിയിരുന്നു.
ചരിത്ര നേട്ടവുമായി 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്' : ഡോക്യുമെന്‍ററി വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്'. കാർത്തിക് ഗോൺസാൽവസാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്' പറയുന്നത്.
ALSO READ:വിരാട് കോലി ഫോമിലല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല : സുനില്‍ ഗവാസ്‌കര്‍
തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിന്‍റ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നും ഇതിന് മുന്‍പ് ഈ വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 1969ല്‍ 'ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്', 1979ല്‍ 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയിസസ്' എന്നിവയ്‌ക്കായിരുന്നു നാമനിര്‍ദേശങ്ങള്‍ ലഭിച്ചത്.