അഹമ്മദാബാദ് :ഓസ്‌കര്‍ തിളക്കത്തിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും 'നാട്ടു നാട്ടു' തരംഗം ഉയരുകയാണ്. മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരമാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' സ്വന്തമാക്കിയത്. ഒറിജിനൽ സോങ് വിഭാഗത്തില്‍ പുരസ്‍കാരം ലഭിക്കുന്ന ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനമാണിത്.
ഇതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യ മുഴുവനായും ഈ നേട്ടം ആഘോഷിക്കുകയാണ്. ഇതിന്‍റെ പ്രതിധ്വനി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും അലയടിച്ചു.
അഹമ്മദാബാദ് ടെസ്റ്റിന്‍റെ അഞ്ചാം ദിന മത്സരം ആരംഭിക്കുന്നതിന് മുന്‍പുതന്നെ 'നാട്ടു നാട്ടു'വിന്‍റെ ഓസ്‌കര്‍ നേട്ടം ഇന്ത്യയില്‍ കാട്ടുതീയായി പടര്‍ന്നിരുന്നു. കളി തുടങ്ങുന്നതിന് മുന്നോടിയായുള്ള അവതരണ ചടങ്ങിനിടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ 'നാട്ടു നാട്ടു'വിന് ചുവടുവയ്‌ക്കുകയും ചെയ്‌തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ചിട്ടുണ്ട്.
ടെൽ ഇറ്റ് ലൈക്ക് എ വുമൺ എന്ന ചിത്രത്തിലെ 'അപ്ലൗഡ്‌സ്', ടോപ്പ് ഗൺ : മാവെറിക്ക് എന്നതിലെ 'ഹോൾഡ് മൈ ഹാൻഡ്', ബ്ലാക്ക് പാന്തർ : വക്കണ്ട ഫോറെവർ എന്ന ചിത്രത്തിലെ 'ലിഫ്റ്റ് മി അപ്പ്', എവരിതിങ് എവേര്‍ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ 'ദിസ് ഈസ് എ ലൈഫ്' എന്നിവയെ പിന്തള്ളിയാണ് 'നാട്ടു നാട്ടു'വിന്‍റെ പുരസ്‌കാര നേട്ടം. എംഎം കീരവാണിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കാലഭൈരവയും രാഹുലും ചേര്‍ന്നാണ് ശബ്‌ദം നല്‍കിയത്.'നാട്ടു നാട്ടു' അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഓസ്‌കര്‍ പുരസ്‌കാര വേദിയായ ഡോള്‍ബി തിയേറ്റര്‍ ഇളകി മറിഞ്ഞിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് പാട്ടിനെക്കുറിച്ചുള്ള ഒരോ പരാമര്‍ശങ്ങളും സദസ് വരവേറ്റത്.