ന്യൂഡല്‍ഹി : ക്രിക്കറ്റ് ലോകത്ത് അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ച താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 12 വർഷങ്ങൾക്ക് മുമ്പ്, ഇതേ ഫെബ്രുവരി 24നാണ് അദ്ദേഹം ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തത്.
ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ ചരിത്ര നേട്ടം. വെറും 147 പന്തിൽ 200 റൺസെടുത്ത താരം പുറത്താവാതെ നിന്നിരുന്നു. 25 ഫോറും 3 സിക്സുകളുമാണ് സച്ചിന്‍റെ ഇതിഹാസ ഇന്നിങ്സിന് അകമ്പടിയായത്.
സച്ചിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ നിശ്ചിത അൻപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് നേടിയ ഇന്ത്യ, പ്രോട്ടീസിനെ 153 റൺസിന് പരാജയപ്പെടുത്തി.
2013-ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് സച്ചിന്‍ വിട പറഞ്ഞെങ്കിലും, നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡ് സച്ചിന്‍റെ പേരിലാണ്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കൂടി 34,357 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
also read:രഞ്ജിയിലും വലഞ്ഞ് രഹാനെയും പൂജാരയും ; ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കോ ?
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയേക്കാള്‍ 6,000 റണ്‍സ് മുന്നിലാണ് സച്ചിന്‍. നിലവില്‍ ഏറ്റവും കൂടുതൽ രാജ്യാന്തര സെഞ്ച്വറികള്‍ എന്ന റെക്കോഡും സച്ചിന്‍റെ പേരിലാണ്.
സച്ചിന് പിന്നാലെ രോഹിത് ശര്‍മയും (മൂന്ന് തവണ) വിരേന്ദര്‍ സെവാഗും ഇന്ത്യന്‍ ജഴ്‌സിയില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. അതേസമയം ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ (173 പന്തില്‍ 264) പേരിലാണ്. കിവീസ് താരം മാര്‍ട്ടിന്‍ ഗപ്‌റ്റിലാണ് (237) പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.