ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചിട്ട് ഇന്നേക്ക് 32 വര്‍ഷം. 1989 നവംബര്‍ 15ന് പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കറാച്ചിയില്‍ ഇമ്രാൻ ഖാൻ, വസീം അക്രം എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച പേസ് പടയെ നേരിടാനിറങ്ങുമ്പോള്‍ 16 വയസായിരുന്നു താരത്തിനുണ്ടായിരുന്നത്.
ക്രീസിനെത്തിയ സച്ചിനെ "മമ്മീ സെ പൂച്ച് കര്‍ ആയാ ഹെ" (അമ്മയോട് ചോദിച്ചിട്ടാണോ വന്നത്) എന്ന് ചോദിച്ചുകൊണ്ടായിരുന്നു വസീം വരവേറ്റത്. തുടര്‍ന്ന് താരത്തിന് നേരിടേണ്ടി വന്നത് ബൗൺസറുകളുടെ പ്രവാഹവും.
അക്രത്തിന്‍റെയും വഖാറിന്‍റെയും വേഗതായർന്ന പന്തുകൾ അതുവരെ താന്‍ കണ്ടിരുന്നില്ലെന്നും തന്‍റെ കരിയർ ഇതോടെ അവസാനിച്ചു എന്നുമാണ് കരുതിയതെന്ന് ഇതേക്കുറിച്ച് പിന്നീടൊരിക്കില്‍ സച്ചിന്‍ പറഞ്ഞിരുന്നു.
മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല, അന്ന് പാകിസ്ഥാന്‍റെ അരങ്ങേറ്റക്കാരന്‍ വഖാർ യൂനിസിന്‍റെ പന്തില്‍ പുറത്താകുകയും ചെയ്തു. സമനിലയില്‍ അവസാനിച്ച ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ 15 റണ്‍സാണ് താരം നേടിയത്.
also read: T20 World Cup 2021: 'ഫോം ഈസ് ടെംപററി, ക്ലാസ് ഈസ് പെര്‍മെനന്‍റ്': മാസായി വാര്‍ണര്‍
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടി തിളങ്ങിയ താരം കാലക്രമേണ, ലോകത്തെ 'എക്കാലത്തെയും മികച്ച ബാറ്റർ' എന്ന ഖ്യാതി സ്വന്തമാക്കുകയായിരുന്നു. 200 ടെസ്റ്റ് മത്സരങ്ങളിലും 463 ഏകദിനങ്ങളിലും സച്ചിന്‍ ഇന്ത്യയ്‌ക്കായി പാഡണിഞ്ഞിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 34,357 റണ്‍സ് നേടി അന്താരഷ്ട്ര റണ്‍വട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും താരത്തിനായി.
പട്ടികയില്‍ രണ്ടാമതുള്ള ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയേക്കാള്‍ 6,000 റണ്‍സ് കൂടുതലാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ശേഷം 2013ലാണ് സച്ചിന്‍ വിരമിച്ചത്. 2019ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലും താരം ഇടം പിടിച്ചിട്ടുണ്ട്. ഇതിഹാസ താരങ്ങളെ ആദരിക്കാനാണ് ഐസിസി ഹാൾ ഓഫ് ഫെയിം ആവിഷ്കരിച്ചത്.