ലണ്ടൻ: ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിന് 90 വയസ്. 1932-ല്‍ സികെ നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിലാണ് ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. വാലി ഹാമണ്ട്, ഡഗ്ലസ് ജാർഡിൻ, വിക്കറ്റ് കീപ്പർ ബാറ്റർ ലെസ് അമേസ്, പേസർ ബിൽ ബോവ്‌സ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഇംഗ്ലീഷ് ടീമിനെതിരായ മത്സരത്തോടെ ടെസ്റ്റ് കളിക്കാന്‍ സാധിക്കുന്ന ആറാമത്തെ ടീമായി ഇന്ത്യ മാറി.
ഇന്ത്യക്കാർ ഉൾപ്പെടെ 24,000 കാണികളാണ് അന്ന് ചരിത്ര മുഹൂർത്തത്തിന് സാക്ഷികളായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ 158 റൺസിന് പരാജയപ്പെടുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർമാരായ പെഴ്‌സി ഹോംസ്, ഹെർബർട്ട് സട്ട്‌ക്ലിഫ് എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് നിസാർ ഇംഗ്ലീഷുകാർക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു.
പിന്നാലെ ഒമ്പത് റൺസെടുത്ത ഫ്രാങ്ക് വൂളിയും റണ്ണൗട്ടായി. പിന്നീട് ഒത്തുചേർന്ന വാലി ഹാമണ്ടും, ക്യാപ്‌റ്റൻ ഡഗ്ലസ് ജാർഡിനും ചേർന്ന് 82 റൺസിന്‍റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ദുരന്തത്തിൽ നിന്ന് കരകയറ്റി. 35 റൺസെടുത്ത ഹാമണ്ട് അമർ സിങ്ങിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 79 റൺസെടുത്ത ജാർഡിൻ ആയിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ.
തുടര്‍ന്ന് ക്രീസിൽ ഒത്തുചേർന്ന ലെസ് അമേസും വാൾട്ടർ റോബിൻസും 63 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിങ്‌സിൽ 105.1 ഓവറിൽ 259 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്‌ക്കായി നിസാർ അഞ്ച് വിക്കറ്റ് നേടി. അമർ സിങും ക്യാപ്‌റ്റന്‍ നായിഡുവും രണ്ട് വിക്കറ്റ് വീതം നേടി.