ഹൈദരാബാദ്: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂള്‍ ഐസിസി പുറത്ത് വിട്ടിരിക്കുകയാണ്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരം നടക്കുക. ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ പോരടിക്കുന്നത്.
ആതിഥേയരെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനം യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന ടീമുകള്‍ക്കുള്ളതാണ്. എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് കളി നടക്കുക.
തുടര്‍ന്ന് ആദ്യ നാലിലെത്തുന്നവര്‍ സെമി ഫൈനലിലേക്ക് മുന്നേറും. 2011-ന് ശേഷം ആദ്യമായാണ് ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പിന് വേദിയാവുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ കണ്ടിരിക്കേണ്ട അഞ്ച് പോരാട്ടങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
- ഇന്ത്യ -പാകിസ്ഥാന്‍ (ഒക്‌ടോബര്‍ 15, അഹമ്മദാബാദ്)
ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. നിലവില്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രം ഏറ്റുമുട്ടുന്ന ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോര് കനക്കുമെന്നുറപ്പ്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഏഴ് വതണ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്ക് ഒപ്പമാണ് നിന്നത്. ഏകദിന ലോകകപ്പില്‍ മാഞ്ചസ്റ്ററിലാണ് ഇരു ടീമുകളും അവസാനമായി മത്സരിച്ചത്.
അന്ന് മഴ നിയമപ്രകാരം 89 റണ്‍സായിരുന്നു ഇന്ത്യ വിജയം നേടിയത്. നിലവില്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ നേടിയ സെഞ്ചുറിയുടെ മികവിലായിരുന്നു ടീം അന്ന് കളി പിടിച്ചത്. 140 റണ്‍സായിരുന്നു അന്ന് രോഹിത് അടിച്ചുകൂട്ടിയത്. ഇത്തവണ രോഹിത് ആ പ്രകടനം ആവര്‍ത്തിക്കാനിറങ്ങുമ്പോള്‍ ഫോര്‍മാറ്റില്‍ ഒന്നാം നമ്പര്‍ ബാറ്ററായ നായകന്‍ ബാബര്‍ അസമിന്‍റെ ബാറ്റിലൂടെയാവും പാകിസ്ഥാന്‍ മറുപടി നല്‍കാന്‍ ശ്രമം നടത്തുക.
ഇതിനപ്പുറം വിരാട് കോലിയുടെ ബാറ്റിലേക്കാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ഇന്ത്യയെ താരത്തിന്‍റെ വീരോചിത ഇന്നിങ്‌സായിരുന്നു വിജയത്തിലേക്ക് എത്തിച്ചത്. മെല്‍ബണിലെ ആ മാന്ത്രികത ഇത്തവണ അഹമ്മദാബാലും ആവര്‍ത്തിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കാം.
ALSO READ: odi world cup 2023| ലോകകപ്പ് വരുന്നു, കാര്യവട്ടത്ത് സന്നാഹം: ഇന്ത്യ- പാക് പോരാട്ടം അഹമ്മദാബാദില്‍
- ഇംഗ്ലണ്ട് - ന്യൂസിലൻഡ് (ഒക്ടോബർ 5, അഹമ്മദാബാദ്)
ഇത്തവണത്തെ ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തിലാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും നേര്‍ക്കുനേര്‍ എത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിലെ അവസാന ചിരി ഇംഗ്ലണ്ടിനൊപ്പം നിന്നപ്പോള്‍ കണ്ണീരിരായിരുന്നു കിവികള്‍ക്കുണ്ടായത്. ഇംഗ്ലണ്ടിനോട് കഴിഞ്ഞ തവണത്തെ കടം വീട്ടി കണക്ക് തീര്‍ക്കാന്‍ ന്യൂസിലന്‍ഡിറങ്ങുമ്പോള്‍ മത്സരത്തിന്‍റെ വീറും വാശിയും വര്‍ധിക്കും.