മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് വില്‍പ്പനയ്‌ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ച് ഐസിസി. ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനായി https://www.cricketworldcup.com/registerഎന്ന വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം. പേരും ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും ജനന തീയതിയും നല്‍കിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
ഇതൊടൊപ്പം ഏതൊക്കെ ടീമിന്‍റെ മത്സരങ്ങളാണ് കാണേണ്ടതെന്നും ഏതു വേദിയിലാണ് കാണേണ്ടതെന്നുമുള്ള വിവരവും നല്‍കണം. രജിസ്ട്രേഷന്‍ പടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് എത്തുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ഫോണിലൂടെയും ഇ മെയിലായും ലഭിക്കും.
ഓര്‍ത്തുവയ്‌ക്കാം ഈ തീയതികള്‍
ഓഗസ്റ്റ് 25:ഇന്ത്യയുടേത് അല്ലാത്ത സന്നാഹ മത്സരങ്ങള്‍, ഇന്ത്യയുടേത് ഒഴികെയുള്ള മറ്റ് ടീമുകളുടെ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയുടെ ടിക്കറ്റ് വില്‍പന ഓഗസ്റ്റ് 25-ന് തുടങ്ങും.
ഓഗസ്റ്റ് 30: ഇന്ത്യയുടെ തിരുവനന്തപുരത്തെയും ഗുവാഹത്തിയിലെയും സന്നാഹ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഓഗസ്റ്റ് 30ന് ആരംഭിക്കും.
ഓഗസ്റ്റ് 31: ഇന്ത്യയുടെ ചെന്നൈ, ഡല്‍ഹി, പൂനെ എന്നീ വേദികളിലെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 31-ന് വില്‍പ്പനയ്‌ക്ക് എത്തും.
സെപ്റ്റംബര്‍ 1: ഇന്ത്യയുടെ ധര്‍മശാല, ലഖ്‌നൗ, മുംബൈ എന്നീ വേദികളുടെ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വില്‍പന സെപ്റ്റംബര്‍ ഒന്നിനാണ് തുടങ്ങുക.
സെപ്‌റ്റംബര്‍ 2: ഇന്ത്യയുടെ ബെംഗളൂരു, കൊല്‍ക്കത്ത എന്നീ വേദികളിലെ മത്സരങ്ങളുടെ ടിക്കറ്റ് ഈ ദിവസമാണ് വില്‍പ്പനയ്‌ക്ക് എത്തുന്നത്.
സെപ്‌റ്റംബര്‍ 3: ഈ ദിവസത്തിലാണ് ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകളുടെ വില്‍പന ആരംഭിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദിയാവുക.
സെപ്‌റ്റംബര്‍ 15: ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരങ്ങള്‍, ഫൈനല്‍ എന്നിവയുടെ ടിക്കറ്റുകള്‍ സെപ്‌റ്റംബര്‍ 15 മുതല്‍ക്കാണ് ലഭ്യമാവുക.
ALSO READ:odi world cup 2023| ലോകം ലോകകപ്പ് ആവേശത്തിലേക്ക്... കണ്ടിരിക്കേണ്ട അഞ്ച് മത്സരങ്ങള്‍ ഇതാ
ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അഹമ്മദാബാദ്, ചെന്നൈ, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കുന്നത്.