മുംബൈ:ഇന്ത്യന്‍ മണ്ണില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഏകദിന ലോകകപ്പിന്‍റെ ഭാഗമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 15-നാണ് ഈ ഗ്ലാമര്‍ പോര് അരങ്ങേറുക. ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ലോകകപ്പിന് എത്തുന്നത്. പന്തും ബോളും കൊണ്ടുള്ള പോരാട്ടത്തിനപ്പുറം ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റില്‍ രാഷ്‌ട്രീയവും കൂടിക്കര്‍ന്നിട്ടുണ്ടെന്നതാണ് ഇതിന് പ്രധാന കാരണം.
ഈ വര്‍ഷം ഓഗസ്റ്റ്- സെപ്‌റ്റംബര്‍ മാസങ്ങളില്‍ പാകിസ്ഥാനില്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പിനായി പാക് മണ്ണിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇതോടെ ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നത്. ബിസിസിഐയുടെ തീരുമാനം ഒരു ഘട്ടത്തില്‍ ഏഷ്യ കപ്പിന്‍റെ ആതിഥേയത്വം തന്നെ പാകിസ്ഥാന് നഷ്‌ടമാവുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു.
ഒടുവില്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഏഷ്യ കപ്പ് പാകിസ്ഥാനും ശ്രീലങ്കയിലുമായി നടക്കുന്ന ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാറിന്‍റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് എത്തുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതോടെ ടീമിന്‍റെ പങ്കാളിത്തം വീണ്ടും ചോദ്യചിഹ്നമായി. ഇതിനിടെ ഐസിസി നല്‍കിയ ലോകകപ്പിന്‍റെ ഡ്രാഫ്‌റ്റ് ഷെഡ്യൂളിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റങ്ങള്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
നോക്കൗട്ട് മത്സരങ്ങള്‍ അല്ലാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്നായിരുന്നു പാക് ബോര്‍ഡ് ആദ്യം പറഞ്ഞത്. പിന്നീട് അഫ്‌ഗാനിസ്ഥാനെതിരെ ചെന്നൈയിലും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ബെംഗളൂരുവിലും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ വേദികള്‍ തമ്മില്‍ പരസ്‌പരം മാറ്റണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ചെന്നൈയില്‍ അഫ്‌ഗാനെയും ബാറ്റിങ് പറുദീസയായ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയയേയും നേരിടുകയെന്ന് വെല്ലുവിളിയാണെന്ന വിലയിരുത്തലായിരുന്നു പാക് ടീമിന് ഇതിന് പ്രേരിപ്പിച്ചത്.