ദുബായ്:ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ആവേശത്തിലേക്ക് അമരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍ ആരാവും കിരീടം നേടുകയെന്ന ചര്‍ച്ചകള്‍ ഇതിനകം തന്നെ അരങ്ങ് തകര്‍ക്കുന്നുണ്ട്. ഇതിനിടെ ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ് (Virender Sehwag) .
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാവും (Rohit Sharma) വരുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിക്കുന്ന താരമാവുകയെന്നാണ് സെവാഗ് പറയുന്നത്. ഇന്ത്യയിലെ മികച്ച പിച്ചുകള്‍ ഓപ്പണര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും ഓപ്പണർ എന്ന നിലയിൽ രോഹിത്തിന്‍റെ റെക്കോഡ് മികച്ചതാണെന്നും വീരു അഭിപ്രായപ്പെട്ടു (Virender Sehwag on Rohit Sharma).
"ഇന്ത്യന്‍ പിച്ചുകള്‍ നല്ലതാണ്. അവിടെ ഓപ്പണർമാർക്ക് കൂടുതല്‍ റണ്‍സടിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ, അത് രോഹിത് ശർമയാണ്.
മറ്റ് ഒന്ന് രണ്ട് പേരുകള്‍ കൂടിയുണ്ട്. പക്ഷേ ഞാൻ ഇന്ത്യക്കാരനാണ്, എനിക്ക് ഒരു ഇന്ത്യക്കാരനെ തിരഞ്ഞെടുക്കണം, അതിനാൽ തീര്‍ച്ചയായും എന്‍റെ ഉത്തരം രോഹിത് ശർമ എന്ന് തന്നെയാണ്"-വിരേന്ദർ സെവാഗ് പറഞ്ഞു.
ഐസിസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ വിരേന്ദർ സെവാഗിന്‍റെ പ്രതികരണം. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകൾ രോഹിത്തിന്‍റെ ഊർജം കൂട്ടുമെന്നും അത് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.