മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം പുറത്തുവിട്ടു. 10 വേദികളിലാണ് മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കുന്ന സന്നാഹ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലാണ് നടക്കുക.
ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍. നവംബര്‍ 14, 16 തീയതികളില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലാണ് സെമി ഫൈനലുകള്‍ നടക്കുക. നവംബര്‍ 19ന് അഹമ്മദാബാദില്‍ വച്ചാണ് ഫൈനല്‍.
ഒക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 15ന് അഹമ്മദാബാദില്‍ അരങ്ങേറും. ഇന്ത്യ-പാക് പോരാട്ടം പോലെ തന്നെ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം നവംബര്‍ നാലിനാണ് നടക്കുന്നത്. ഈ മത്സരത്തിനും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ആണ് ഈ മത്സരം.
10 ടീമുകള്‍ ഒരു ലക്ഷ്യം:പത്ത് ടീമുകളാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിക്കുന്നത്. എട്ട് ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്‍റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്‍റിന് യോഗ്യത നേടിയിട്ടുണ്ട്. ക്വാളിഫയര്‍ കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നത്.