കേരളം

kerala

ETV Bharat / sports

ODI WC | പാകിസ്ഥാന് പരാതി തീരുന്നില്ല, ലോകകപ്പ് സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കും

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന വേദികള്‍ ഉള്‍പ്പെടെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത്.

Pakistan to send security delegation to India for inspecting WC venues  ODI WC  ODI world cup  ODI world cup 2023  Pakistan cricket team  Pakistan cricket board  narendra modi stadium  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഏകദിന ലോകകപ്പ്  നരേന്ദ്ര മോദി സ്റ്റേഡിയം  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ vs പാകിസ്ഥാന്‍  pakistan vs india
ODI WC

By

Published : Jul 1, 2023, 1:22 PM IST

കറാച്ചി: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം ഐസിസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാന്‍റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. വേദിമാറ്റം ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍റെ ആവശ്യങ്ങള്‍ മതിയായ കാരണമില്ലാത്തതിനാല്‍ നേരത്തെ ബിസിസിഐയും ഐസിസിയും തള്ളിയിരുന്നു.

ഇതിന് പിന്നാലെ സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ലോകകപ്പിന് എത്തൂവെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ഇപ്പോഴിതാ ദേശീയ ടീമിന്‍റെ അയല്‍രാജ്യത്തേക്കുള്ള യാത്രയ്ക്ക് അനുമതി നൽകുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ കളിക്കുന്ന വേദികള്‍ ഉള്‍പ്പെടെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് പാകിസ്ഥാന്‍റെ നടപടി.

രാജ്യത്തെ ഇന്‍റർ പ്രൊവിന്‍ഷ്യല്‍ കോര്‍ഡിനേഷന്‍ (സ്‌പോര്‍ട്‌സ്) മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈദ് അവധിക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ ചെയർമാനെ തെരഞ്ഞെടുത്താൽ സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് എപ്പോൾ അയക്കണമെന്ന് വിദേശ, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ തീരുമാനിക്കുമെന്നാണ് ഇവര്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരിക്കുന്നത്.

"പാകിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കുന്ന വേദികളും ലോകകപ്പിൽ അവർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കാൻ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതിനിധികളും ഇന്ത്യയിലേക്ക് പോകും". ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ഉദ്യോഗസ്ഥരുമായി ചര്‍ച്ച, വേദികളില്‍ പരിശോധന:ഒക്‌ടോബർ 15ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്‍റെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടീമിന്‍റെ മറ്റ് മത്സരങ്ങള്‍ നടക്കുന്ന ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നീ വേദികളും സുരക്ഷാ ഉദ്യോഗസ്ഥ സംഘം സന്ദർശിക്കും. ഇന്ത്യയിലേക്കുള്ള പാക് ടീമിന്‍റെ ഏതൊരു പര്യടനത്തിനും മുമ്പും ക്രിക്കറ്റ് ബോർഡ് സർക്കാരിൽ നിന്ന് അനുമതി തേടുന്നതും അതിന്‍റെ ഭാഗമായി ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതും പതിവാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ നിന്നെത്തുന്ന പ്രതിനിധി സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി ടൂർണമെന്‍റിനായി പോകുന്ന തങ്ങളുടെ കളിക്കാർ, ഉദ്യോഗസ്ഥർ, ആരാധകർ, മാധ്യമങ്ങൾ എന്നിവരുടെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ചർച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്യും. പാകിസ്ഥാൻ നിയുക്ത വേദിക്ക് പകരം മറ്റേതെങ്കിലും വേദിയിൽ കളിക്കുന്നതാണ് നല്ലതെന്ന് പ്രതിനിധികൾക്ക് തോന്നുന്നുവെങ്കിൽ, അത് അവരുടെ റിപ്പോർട്ടിൽ പരാമർശിക്കും.

ഈ റിപ്പോര്‍ട്ട് പരിശോധിച്ച് പിസിബിക്ക് സർക്കാർ അനുമതി നൽകുമ്പോൾ മാത്രമേ ലോകകപ്പിൽ പാകിസ്ഥാന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറില്‍ നിന്നുള്ള അനുമതി തേടുന്നത് രാജ്യത്തെ സ്വഭാവിക നടപടിക്രമം മാത്രമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

"ഇത് അസ്വാഭാവിക നടപടിയല്ല. ഇന്ത്യയിലേക്കുള്ള എല്ലാ പര്യടനങ്ങൾക്കും ഇത് സാധാരണ നടപടിക്രമമാണ്. മറ്റ് കായിക ഇനങ്ങളിൽ പോലും ഏതെങ്കിലും മത്സരത്തിനായി തങ്ങളുടെ ടീമുകളെ ഇന്ത്യയിലേക്ക് അയക്കുന്നതിന് അതത് ദേശീയ ഫെഡറേഷനുകൾ സർക്കാരിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്." ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ തവണ പാകിസ്ഥാൻ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ഒരു സംയുക്ത പ്രതിനിധി സംഘത്തെ പരിശോധനയ്‌ക്കായി വേദികളിലേക്ക് അയച്ചിരുന്നുവെന്ന് പിസിബിയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പ്രതിനിധി സംഘത്തിന്റെ ശുപാർശ പ്രകാരമാണ് അന്ന് ഇന്ത്യയ്‌ക്കെതിരെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍റെ മത്സരം കൊൽക്കത്തയിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ആഷസൊക്കെ ചെറുതെന്ന് ക്രിസ് ഗെയില്‍; കാത്തിരിക്കുന്നത് ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനായി...

ABOUT THE AUTHOR

...view details