മുംബൈ:ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിന്‍റെ അന്തിമ പട്ടിക തയ്യാറായതായി റിപ്പോര്‍ട്ട് (ODI World Cup 2023 India Squad finalized). അജിത് അഗാര്‍ക്കറിന്‍റെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma), പരിശീലകന്‍ രാഹുൽ ദ്രാവിഡ് (Rahul Dravid) എന്നിവരുമായി അജിത് അഗാർക്കര്‍ ശ്രീലങ്കയിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പാകിസ്ഥാനെതിരെ സെപ്‌റ്റംബര്‍ രണ്ടിന് നടന്ന മത്സരത്തിന് പിന്നാലെയാണ് മൂവരും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയത്. പരിക്കുമായി ബന്ധപ്പെട്ട് ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായ കെഎല്‍ രാഹുലിനെ (KL Rahul) ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം (KL Rahul included in ODI World Cup squad). രാഹുലിന്‍റെ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക് ഗ്രീൻ സിഗ്നൽ നല്‍കിയിട്ടുണ്ട്.
രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മലയാളി താരം സഞ്‌ജു സാംസണ് (Sanju Samson) ടീമില്‍ ഇടം ലഭിച്ചില്ല. സഞ്‌ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി നിലവിൽ ശ്രീലങ്കയിലുള്ള തിലക് വർമ്മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കൂടാതെ ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്.