ക്രിക്കറ്റ് ബാറ്റര്‍മാരുടെ മാത്രം കളിയല്ല, അവിടെ ബൗളര്‍മാര്‍ക്കുമുണ്ട് ഒരു സ്ഥാനം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ കാലിടറിയ സെമി ഫൈനല്‍ തന്നെ അതിന് ഒരു ഉദാഹരണമാണ്. ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ തന്നെ ബൗളര്‍മാര്‍ തങ്ങളുടെ വരുതിയിലാക്കിയെടുത്ത മറ്റ് ഒട്ടനവധി മത്സരങ്ങളും കാണാന്‍ സാധിക്കും.
ബാറ്റര്‍മാരെക്കൊണ്ട് എന്നും സമ്പന്നമാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ബൗളര്‍മാരുടെ കാര്യത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. 2015ലെ ഏകദിന ലോകകപ്പിന് ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുമ്പോള്‍ ശരാശരിയില്‍ താഴെ മാത്രമായിരുന്നു ഇന്ത്യന്‍ ബൗളിങ്ങിന്‍റെ കരുത്ത്. ഇംഗ്ലണ്ടില്‍ 2019ല്‍ എത്തിയപ്പോള്‍ അതില്‍ അല്‍പം മെച്ചമുണ്ടായി.
എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്‌തമാണ്. ജസ്‌പ്രീത് ബുറ നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ കരുത്തായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും ശര്‍ദുല്‍ താക്കൂറിന്‍റെയും സേവനവും. സ്‌പിന്‍ കെണിയൊരുക്കാനുള്ള ചുമതല കുല്‍ദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയ്‌ക്കാണ്. ഫിറ്റ്‌നസ് ആശങ്ക മാറിയാല്‍ ഇവര്‍ക്കൊപ്പം അക്‌സറും ചേരും.
ബുംറയ്‌ക്കൊപ്പം ആര്..? :പരിക്കേറ്റ് ഏറെ നാള്‍ കളത്തിന് പുറത്തിരുന്ന ജസ്‌പ്രീത് ബുംറ കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലൂടെയാണ് തിരികെ ടീമിലേക്ക് എത്തിയത്. മടങ്ങി വരവില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്‌ക്ക് സാധിച്ചിരുന്നു. ഏഷ്യ കപ്പില്‍ കളത്തിലിറങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറ ഇന്ത്യ ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ്.
ഈ സാഹചര്യത്തില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരില്‍ ആരാകും പ്ലേയിങ് ഇലവനിലേക്ക് എത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏഷ്യ കപ്പില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജായിരുന്നു അവസാന പതിന്നൊന്നിലേക്ക് എത്തിയിരുന്നത്. ഇവരില്‍ ഒരാള്‍ വിട്ട് നിന്ന മത്സരങ്ങളില്‍ മാത്രമാണ് ഷമി പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.
മൂന്ന് പേരും തകര്‍പ്പന്‍ ഫോമിലാണെങ്കിലും ബാറ്റിങ് ഡെപ്‌ത് കൂടി പരിഗണിച്ച് മൂവരെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ വിരളമാണ്. ഇവരില്‍ രണ്ട് പേരെ ഒരേ സമയം കളത്തിലിറക്കി ഒപ്പം ഹാര്‍ദിക് പാണ്ഡ്യയുടെയോ ശര്‍ദുല്‍ താക്കൂറിന്‍റെയോ സേവനം ലഭ്യമാക്കാനായിരിക്കും ലോകകപ്പില്‍ ടീം മാനേജ്‌മെന്‍റ് ശ്രമിക്കുക.