ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ച വര്‍ഷമായിരുന്നു 2019. ക്രിക്കറ്റ് ചരിത്രം പേറുന്ന ഇംഗ്ലണ്ടുകാര്‍ ഏകദിന ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട വര്‍ഷം. ഇക്കുറി മറ്റൊരു ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായാണ് ഇംഗ്ലീഷ് പടയെത്തുന്നത്(ODI World Cup 2023 England Team).
2019ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍, ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ആ മത്സരം ഒരു കളിയാസ്വാദകനും അത്ര വേഗത്തിലൊന്നും മറക്കാന്‍ സാധിക്കുന്നതല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ആദ്യം ഫീല്‍ഡാണ് ചെയ്‌തത്.
ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നേടിയത് എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ എളുപ്പമായിരുന്നില്ല ആതിഥേയര്‍ക്ക് കാര്യങ്ങള്‍. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ അവരെ പിടിച്ചുനിര്‍ത്തി.
മധ്യനിരയില്‍ ജോസ് ബട്‌ലറിന്‍റെയും ബെന്‍ സ്റ്റോക്‌സിന്‍റെയും അര്‍ധസെഞ്ച്വറികള്‍ ഇംഗ്ലണ്ടിന് പുതുപ്രതീക്ഷകള്‍ സമ്മാനിച്ചു. അവസാന ഓവറുകളില്‍ വീണ്ടും കിവീസ് ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ നിശ്ചിത ഓവറില്‍ മത്സരം സമനിലയില്‍ കലാശിച്ചു.
ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പോരാട്ടത്തില്‍ ലോര്‍ഡ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത ബട്‌ലറും സ്റ്റോക്‌സും തന്നെ വീണ്ടും ക്രീസിലേക്കെത്തി. ഇരുവരും ട്രെന്‍റ് ബോള്‍ട്ടിന്‍റെ ഓവറില്‍ അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡും നേടി 15 റണ്‍സ്. അങ്ങനെ രണ്ടുപ്രാവശ്യം സമനില വന്ന അത്യപൂര്‍വ മത്സരമായി അത്. എന്നാല്‍, മുന്‍പ് പലതവണ ഇംഗ്ലണ്ടിന്‍റെ കിരീടം തട്ടിത്തെറിപ്പിച്ച നിര്‍ഭാഗ്യം ഇക്കുറി കിവീസിനൊപ്പം പോയി. മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തില്‍ ഒയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍...!
അന്ന് നേടിയ ആ കിരീടം നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യവുമായാണ് 2023ലെ ഏകദിന ലോകകപ്പിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് തന്നെയാണ് ത്രീ ലയണ്‍സിന്‍റെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പ് എവിടെ നിര്‍ത്തിയോ അവിടെ നിന്നും തന്നെ ഇക്കുറി തുടങ്ങണമെന്നുറപ്പിച്ച് ഇംഗ്ലണ്ട് വരുമ്പോള്‍ അവരുടെ കുതിപ്പിന് കരുത്ത് പകരാന്‍ ഇക്കുറിയും ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ക്രിസ് വോക്‌സുമെല്ലാമുണ്ടാകും. ഇവര്‍ക്കൊപ്പം ഒരുപിടി യുവതാരങ്ങളും അണിനിരക്കുമ്പോള്‍ കിരീടം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് ഇംഗ്ലീഷ് പടയുടെ പ്രതീക്ഷയും.