സിഡ്‌നി:ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള (ODI WC 2023) പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. 18 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) പ്രഖ്യാപിച്ചത്. ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും (South Africa) ഇന്ത്യയ്‌ക്കെതിരെയും (India) നടക്കുന്ന ഏകദിന പരമ്പരയിലും ഇതേ ടീമാണ് കളിക്കാനിറങ്ങുക. നിലവില്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നവരില്‍ 15 പേര്‍ മാത്രമായിരിക്കും ലോകകപ്പ് ടീമിലേക്കെത്തുക.
മോശം ഫോമിലുള്ള ബാറ്റര്‍ മര്‍നസ് ലബുഷെയ്‌നെ (Marnus Labuschagne) ഒഴിവാക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2020ല്‍ ഓസ്‌ട്രേലിയയുടെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറിയ താരം പിന്നീട് ടീം കളത്തിലിറങ്ങിയ 38 മത്സരങ്ങളില്‍ 30ലും കളിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പടെ മോശം പ്രകടനമായിരുന്നു ലബുഷെയ്ന്‍ നടത്തിയത്.
കൈത്തണ്ടയ്‌ക്ക് പരിക്കേറ്റ നായകന്‍ പാറ്റ് കമ്മിന്‍സിനെ (Pat Cummins) സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആറ് ആഴ്‌ചയ്‌ക്ക് ശേഷമാകും താരം കളത്തിലേക്ക് തിരികെയെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ കമ്മിന്‍സ് പൂര്‍ണഫിറ്റായി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്ന് ഓസീസ് ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി (George Baily) അഭിപ്രായപ്പെട്ടു.
Also Read :ODI World Cup 2023 | 'ഇംഗ്ലണ്ടും പാകിസ്ഥാനുമുണ്ടാകും...'; ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗ്ലെന്‍ മക്ഗ്രാത്ത്
സ്റ്റീവ് സ്‌മിത്ത് (Steve Smith), ഡേവിഡ് വാര്‍ണര്‍ (David Warner), ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell) തുടങ്ങിയ പ്രധാന താരങ്ങളെല്ലാം തന്നെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് മുന്‍പായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും എട്ട് ഏകദിന മത്സരങ്ങളാണ് കങ്കാരുപ്പട കളിക്കുന്നത്.
സെപ്‌റ്റംബര്‍ 7നാണ് ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനം. പിന്നീട് 9, 12, 15, 17 തീയതികളിലായി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ഓസീസ് കളിക്കും. തുടര്‍ന്ന് ഇന്ത്യയിലെത്തുന്ന സംഘം മൂന്ന് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കുക.
സെപ്‌റ്റംബര്‍ 22, 25, 27 തീയതികളിലാണ് ഈ മത്സരങ്ങള്‍. ഒക്‌ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിലെ ആദ്യമത്സരത്തില്‍ എട്ടാം തീയതി ഇന്ത്യയെ ആണ് കങ്കാരുപ്പട നേരിടുക.
ഓസ്‌ട്രേലിയന്‍ പ്രാഥമിക സ്‌ക്വാഡ് :പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റന്‍), സീൻ ആബട്ട്, ആഷ്‌ടൺ അഗർ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, തൻവീർ സംഘ, സ്റ്റീവ് സ്‌മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് വാർണർ, ആദം സാമ്പ.
Also Read :ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്കെത്തും; അനുമതി നൽകി പാക് സർക്കാർ