മുംബൈ:ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്ക് അമരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഇനി രണ്ട് മാസത്തില്‍ താഴെ മാത്രമാണ് സമയമുള്ളത്. അന്താരാഷ്‌ട്ര തലത്തിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ലോകകപ്പില്‍ ആരാവും വിജയികളാവുകയെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ അവസാന നാലിലെത്തുമെന്നും ആകാശ് ചോപ്ര പ്രവചിച്ചു.
ഏകദിന ലോകകപ്പിന്‍റെ അവസാന മൂന്ന് പതിപ്പുകളും ആതിഥേയരാണ് വിജയിച്ചതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. "ഏകദിന ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യയാണ് ഫേവറേറ്റുകള്‍. ടൂര്‍ണമെന്‍റ് സ്വന്തം മണ്ണില്‍ നടക്കുന്നു എന്നത് ടീമിന് മേല്‍ക്കൈ നല്‍കുന്നതാണ്.
ALSO READ: ഹാര്‍ദിക്കിന് കട്ട പിന്തുണ 'അര്‍ധ സെഞ്ചുറിയൊക്കെ ഒരു നേട്ടമാണോ?'; ഹർഷ ഭോഗ്‌ലെ പറയുന്നു
കഴിഞ്ഞ മൂന്ന് ലോകകപ്പുകൾ പരിശോധിക്കുമ്പോള്‍ ആതിഥേയര്‍ തന്നെയാണ് കിരീടം നേടിയതെന്ന് കാണാം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഇംഗ്ലണ്ടില്‍ തന്നെയാണ് വിജയിച്ചത്. തൊട്ടുമുമ്പ് ഓസ്‌ട്രേലിയ ഓസ്‌ട്രേലിയയിൽ കിരീടം നേടി. അതിന് മുമ്പ് ഇന്ത്യയിൽ ഇന്ത്യ വിജയിച്ചു. ഇക്കാരണത്താല്‍ ഇക്കുറി കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഏറ്റവും മുൻനിരയിലുള്ളത് ഇന്ത്യ തന്നെയാണ്" ആകാശ് ചോപ്ര പറഞ്ഞു.