ഹരാരെ : ഏകദിന ലോകകപ്പ് യോഗ്യത (ODI World Cup Qualifier) മത്സരത്തില്‍ ഒമാനെ പൊളിച്ചടുക്കി ശ്രീലങ്ക. ക്വീൻസ് സ്പോർട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്‍റെ വിജയമാണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഒമാന്‍ 30.2 ഓവറില്‍ 98 റണ്‍സില്‍ പുറത്താവുകയായിരുന്നു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക വിക്കറ്റ് നഷ്‌ടപ്പെടാതെ 15 ഓവറില്‍ 100 റണ്‍സ് അടിച്ചാണ് വിജയം ഉറപ്പിച്ചത്. ദിമുത് കരുണരത്‌നെ dimuth karunaratne (51 പന്തില്‍ 61*) അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ പാത്തും നിസ്സാങ്ക Pathum Nissanka (39 പന്തില്‍ 37*) പിന്തുണയേകി. അന്താരാഷ്‌ട്ര തലത്തില്‍ ഒമാനും ശ്രീലങ്കയും കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഒമാനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് തരിപ്പണമാക്കിയത്. മൂന്ന് വിക്കറ്റുമായി ലാഹിരു കുമാരയും നിര്‍ണായകമായി. ലങ്കന്‍ ബോളര്‍ക്കെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുട്ടിടിച്ച് മടങ്ങിയതോടെ ആറാം നമ്പറിലെത്തിയ അയാന്‍ ഖാന്‍ പൊരുതി നിന്നതോടെയാണ് നൂറിനടുത്തുള്ള ഒരു ടോട്ടലിലേക്ക് എത്താന്‍ ഒമാന് കഴിഞ്ഞത്.
60 പന്തില്‍ 41 റണ്‍സായിരുന്നു അയാന്‍ ഖാന്‍ നേടിയത്. ജതീന്ദർ സിങ് (43 പന്തില്‍ 21), ഫയ്യാസ് ബട്ട് (28 പന്തില്‍ 13*) എന്നിവരാണ് അയാന്‍ ഖാനെ കൂടാതെ രണ്ടക്കത്തില്‍ എത്തിയത്. ഒമാന്‍റെ നാല് താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടക്കംതൊട്ട് ലാഹിരു കുമാരയും വാനിന്ദു ഹസരങ്കയും നിറഞ്ഞാടിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ഒമാന് നാല് ബാറ്റര്‍മാരെ നഷ്‌ടമായിരുന്നു.