ഹരാരെ:ഏകദിന ലോകകപ്പ് ക്വാളിഫയറിൽ (ODI World Cup Qualifier) തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടി സ്കോട്‌ലൻഡ് (Scotland). ബുലവായോയിൽ (Bulawayo) നടന്ന മത്സരത്തിൽ യുഎഇയെ (UAE) 111 റൺസിന് ആണ് സ്കോട്ടിഷ് പട തകർത്തത്. ടോസ് നഷ്‌ടപെട്ട് ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലൻഡ് 282 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ യുഎഇ പോരാട്ടം 171 ൽ അവസാനിച്ചു. നിലവിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് സ്കോട്‌ലൻഡ്.
283 റൺസ് പിന്തുടർന്ന് ഇറങ്ങിയ യുഎഇയ്ക്ക് മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അഞ്ചാം ഓവറിൽ തന്നെ അവർക്ക് വിക്കറ്റ് കീപ്പർ ബാറ്റർ ആര്യനഷ് ശർമയെ (Aryanash Sharma) നഷ്‌ടമായി. 8 പന്തിൽ 8 റൺസുമായി ആര്യനഷ് പുറത്താകുമ്പോൾ 21 റൺസായിരുന്നു യുഎഇ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.
പിന്നാലെ എത്തിയ വൃത്യ അരവിന്ദ് (Vriitya Aravind) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് നേടി ക്രിസ് സോൾ (Chris Sole) ആണ് അവരുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അടുത്തൊരു 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്നാം വിക്കറ്റും യുഎഇയ്ക്ക് നഷ്‌ടമായി.
നാലാമനായി ക്രീസിൽ എത്തിയ രോഹൻ മുസ്‌തഫയെ (Rohan Mustafa) ബ്രാൻഡൺ മക്‌മലൻ (Brandon McMullen) ആണ് മടക്കിയത്. നാലാം വിക്കറ്റിൽ നായകൻ മുഹമ്മദ് വസീമും (Muhammad Waseem) ആസിഫ് ഖാനും (Asif Khan) ചേർന്ന് 36 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. ആസിഫിനെ പുറത്താക്കി സഫ്യാൻ ഷരീഫ് (Safyaan Sharif) ആണ് പുറത്താക്കിയത്.