ഹരാരെ:ഏകദിന ലോകകപ്പ് ക്വാളിഫയറിൽ (ODI World Cup Qualifier) വെസ്റ്റ് ഇൻഡീസിനെ (West Indies) വീഴ്ത്തി സിംബാബ്‌വെ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ 35 റൺസിന്‍റെ ജയമാണ് ആതിഥേയരായ സിംബാബ്‌വെ സ്വന്തമാക്കിയത്. സിക്കന്ദർ റാസയുടെ (Sikandar Raza) ഓൾറൗണ്ട് മികവാണ് അവർക്ക് ജയം സമ്മാനിച്ചത്.
ഹരാരെ സ്പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ 268 റൺസ് നേടി. ഈ സ്കോർ പിന്തുടർന്ന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 233 റൺസിൽ ഓൾഔട്ട് ആകുകയായിരുന്നു. 56 റൺസ് നേടിയ കയിൽ മയേഴ്‌സ് (Kyle Mayers) ആണ് അവരുടെ ടോപ് സ്കോറർ.
269 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് മത്സരത്തിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഓപ്പണർമാരായ ബ്രാൻഡൺ കിങ്ങും (Brandon King) കയിൽ മയേഴ്‌സും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 43 റൺസ്. 20 റൺസ് നേടിയ ബ്രാൻഡൺ കിങ്ങിനെ മടക്കി ബ്ലെസ്സിങ് മുസരാബനിയാണ് (Blessing Muzarabani) ഈ കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാമനായി ക്രീസിൽ എത്തിയ ജോൺസ് ചാൾസിനും (Johns Charles) അധികനേരം പിടിച്ചുനിൽക്കാനായില്ല. ചാൾസിനെ റിച്ചാർഡ് എന്‍ഗാരവ (Richard Ngarava) ആണ് മടക്കിയത്. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്‌ടപ്പെടുമ്പോൾ 9.1 ഓവറിൽ 46 റൺസ് ആയിരുന്നു വിൻഡീസ് സ്കോർ.
കയിൽ മയേഴ്‌സിനൊപ്പം മൂന്നാം വിക്കറ്റിൽ നായകൻ ഷായ് ഹോപ് (Shai Hope) ഒന്നിച്ചതോടെ അവർ പതിയെ ട്രാകിലേക്ക് എത്തി. എന്നാൽ എന്നാൽ 21-ാം ഓവർ പന്തെറിയാൻ എത്തിയ വെല്ലിങ്‌ടണ്‍ മസക്കസ (Wellington Mazakadza) അർധസെഞ്ച്വറി നേടിയ മയേഴ്‌സിനെ ബ്ലെസ്സിങ്ങിന്‍റെ കൈകളിൽ എത്തിച്ചു. അവിടെ നിന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ആതിഥേയർ മത്സരത്തിൽ പിടിമുറുക്കി.