ഹരാരെ : ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തില്‍ യുഎസ്‌എയ്‌ക്കെതിരെ ഐതിഹാസിക വിജയവുമായി സിംബാബ്‌വെ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് സിംബാബ്‌വെ നേടിയത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഈ വര്‍ഷമാദ്യം തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യ നേടിയ 317 റണ്‍സിന്‍റെ വിജയമാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 408 റണ്‍സാണ് അടിച്ച് കൂട്ടിയത്. ടീമിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണിത്.
മറുപടിക്കിറങ്ങിയ യുഎസ്‌എ 25.1 ഓവറില്‍ വെറും 104 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഏറെ കഷ്‌ടപ്പെട്ടാണ് യുഎസ്‌എ നൂറിലേക്ക് എത്തിയത്. ടീമിന്‍റെ ആദ്യ നാല് ബാറ്റര്‍മാരില്‍ മൂന്ന് പേര്‍ ഒരക്കത്തില്‍ ഒതുങ്ങിയപ്പോള്‍ ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 31 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് പരാഥ്‌കറാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
ജസ്‌ദീപ് സിങ് ( 26 പന്തില്‍ 21), ഗജാനന്ദ് സിങ് (16 പന്തില്‍ 13) എന്നിവരാണ് രണ്ടക്കത്തില്‍ എത്തിയ മറ്റ് താരങ്ങള്‍. സിംബാബ്‌വെയ്‌ക്കായി റിച്ചാര്‍ഡ് നഗരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ വെടിക്കെട്ട് സെഞ്ചുറിയുമായി നായകന്‍ സീന്‍ വില്യംസാണ് സിബാംബ്‌വെയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 101 പന്തില്‍ 174 റണ്‍സാണ് സീന്‍ വില്യംസ് അടിച്ചെടുത്തത്. ജോയ്‌ലോഡ് ഗംബീ (103 പന്തില്‍ 78), ഇന്നസെന്‍റ് കൈയ (41 പന്തില്‍ 32), സിക്കന്ദര്‍ റാസ (27 പന്തില്‍ 48), റയാന്‍ ബേള്‍ (16 പന്തില്‍ 47) , തദിവാന്‍ഷെ മരുമണി (6 പന്തില്‍ 18*) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.