ഹരാരെ:ഏകദിന ലോകകപ്പ് ക്വാളിഫയർ (ODI World Cup Qualifier) സൂപ്പർ സിക്‌സില്‍ ആവേശജയം സ്വന്തമാക്കി സിംബാബ്‌വെ. ക്വീൻസ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെതിരെ 14 റൺസിന്‍റെ വിജയമാണ് ആതിഥേയർ നേടിയെടുത്തത്. സിംബാബ്‌വെ ഉയർത്തിയ 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 318 റൺസ് നേടാനെ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി സീൻ വില്യംസും (Sean Williams) ഒമാന് വേണ്ടി കശ്യപ് പ്രജാപതിയും (Kashyap Prajapati) സെഞ്ച്വറി നേടിയിരുന്നു.
മൂന്നാമനായ് ക്രീസിലെത്തിയ സീന്‍ വില്യംസിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സിംബാബ്‌വെയ്‌ക്ക് 332 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 103 പന്ത് നേരിട്ട വില്യംസ് 142 റണ്‍സ് നേടി. സിക്കന്ദര്‍ റാസ (42), ലൂക്ക് ജോങ്‌വെ (47 നോട്ടൗട്ട്) എന്നിവരും ആതിഥേയര്‍ക്കായി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.
മറുപടി ബാറ്റിങ്ങില്‍, 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് തുടക്കത്തിൽ തന്നെ ഓപ്പണർ ജതിന്ദർ സിങ്ങിനെ (2) നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച കശ്യപ് - ഇല്ല്യാസ് സഖ്യം റൺ ചേസിന് അടിത്തറപാകി. ഇരുവരും ചേർന്ന് 83 റൺസ് ആണ് കൂട്ടിച്ചേർത്തത്.
61 പന്തിൽ 45 റൺസ് നേടിയ അഖിബ് ഇല്ല്യാസിനെ മടക്കി സിക്കന്ദർ റാസയാണ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് നായകൻ സീഷാൻ മഖ്‌സൂദിനെ കൂട്ടുപിടിച്ചായിരുന്നു കശ്യപ് റൺസ് കണ്ടെത്തിയത്. എന്നാൽ മുപ്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ കശ്യപ് പ്രജാപതിയെ വീഴ്ത്താൻ സിംബാബ്‌വെയ്ക്ക് സാധിച്ചു.
സെഞ്ച്വറി അടിച്ച കശ്യപിനെ ബ്ലെസ്സിങ് മുസരാബനി റാസയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പ്രജാപതി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി മത്സരം വരുതിയിലാക്കാൻ ആതിഥേയർക്കായി. 39-ആം ഓവറിലാണ് ഒമാന് നാലാം പ്രഹരമേക്കുന്നത്.