ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യത (ODI World Cup Qualifier) റൗണ്ടിൽ നേപ്പാളിനെതിരെ (Nepal) വമ്പൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് (West Indies). ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ 101 റൺസിന്‍റെ ജയമാണ് കരീബിയൻ പട നേടിയത്. യോഗ്യത റൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്തും വിൻഡീസ് നിലയുറപ്പിച്ചു.
ഹരാരെ സ്പോർട്‌സ് ക്ലബ് (Harare Sports Club) സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് 339 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്‍റെ പോരാട്ടം 238 റൺസിൽ അവസാനിച്ചു. രണ്ട് പന്ത് ശേഷിക്കേ നേപ്പാളിന്‍റെ എല്ലാ ബാറ്റർമാരും പുറത്താകുകയായിരുന്നു.
340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ നേപ്പാളിന് തുടക്കം തന്നെ പാളി. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ അവർക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. രണ്ടാം ഓവറിലെ നാലാം പന്തിൽ കുശാൽ ഭർട്ടൽ (Kushal Bhurtel) (5) ആണ് ആദ്യം മടങ്ങിയത്.
അൽസാരി ജോസഫ് (Alsari Joseph) ആണ് വിക്കറ്റ് വേട്ട തുടങ്ങിവച്ചത്. സ്കോർ 23-ൽ നിൽക്കെ രണ്ടാം വിക്കറ്റ് നേപ്പാളിന് നഷ്‌ടമായി. 7 പന്തിൽ 2 റൺസ് നേടിയ ഭിം ഷർക്കിയെ (Bhim Sharki) ജേസൺ ഹോൾഡർ (Jason Holder) ആണ് മടക്കിയത്. 12-ാം ഓവറിൽ ആണ് അവർക്ക് അടുത്ത ബാറ്ററെ നഷ്‌ടമായത്.
36 പന്തിൽ 28 റൺസ് അടിച്ച ആസിഫ് ഷെയ്ഖിനെ കീമോ പോൾ കെയ്ൽ മേയേഴ്‌സിന്‍റെ കൈകളിൽ എത്തിച്ചു. ഈ സമയം 48-3 എന്ന നിലയിലായിരുന്നു അവർ. പിന്നാലെ കരീബിയൻ കറുത്തിന് മുന്നിൽ പൊരുതി നോക്കിയ നായകൻ രോഹിത് പൗഡെലും മടങ്ങി.