ഹരാരെ:ഏകദിന ലോകകപ്പ് ക്വാളിഫയര്‍ (Odi World Cup Qualifier) സൂപ്പർ സിക്‌സ് ടിക്കറ്റ് ഉറപ്പിച്ച് സ്കോട്‌ലൻഡ് (Scotland). ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഒമാനെ (Oman) വീഴ്ത്തിയാണ് സ്കോട്ടിഷ് പട അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചത്. സ്‌കോട്‌ലന്‍ഡിന്‍റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇത്.
ബുലാവായോയിൽ (Bulawayo) നടന്ന മത്സരത്തിൽ 76 റൺസിനാണ് സ്കോട്‌ലൻഡ് ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോടിഷ് സംഘം നിശ്ചിത ഓവറിൽ 320 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഒമാന് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 244 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ സ്കോട്‌ലൻഡിന്‍റെ ബ്രാൻഡൻ മക്‌മലൻ (Brandon McMullen) ആണ് കളിയിലെ താരം.
സ്കോട്‌ലൻഡ് ഉയർത്തിയ റൺമല മറികടക്കാന്‍ ഇറങ്ങിയ ഒമാന് മികച്ച തുടക്കമായിരുന്നില്ല മത്സരത്തിൽ ലഭിച്ചത്. സ്കോടിഷ് ബൗളർമാർക്ക് മുന്നിൽ ഇന്നിങ്സിന്‍റെ തുടക്കം മുതൽ തന്നെ ഒമാൻ ബാറ്റർമാർ വെള്ളം കുടിച്ചു. ആദ്യ 10 ഓവറിൽ 25 റൺസ് മാത്രമാണ് അവർക്ക് നേടാൻ സാധിച്ചത്.
10.1 ഓവറിൽ സ്കോർ 25-ൽ നിൽക്കെ അവർക്ക് ആദ്യ വിക്കറ്റും നഷ്‌ടമായി. 32 പന്തിൽ 12 റൺസ് നേടിയ കശ്യപ് കുമാർ (Kashyap Kumar) ആണ് ആദ്യം പുറത്തായത്. സ്കോട്‌ലൻഡിന്‍റെ മക്‌മലൻ ആയിരുന്നു വിക്കറ്റ് നേടിയത്.
സ്കോർ 38-ൽ നിൽക്കെ ഓപ്പണർ ജതിന്ദർ സിങ്ങും (Jatinder Singh) തിരികെ പവലിയനിൽ എത്തി. 44 പന്തിൽ 14 റൺസ് മാത്രമായിരുന്നു ജതിന്ദറിന്‍റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ 32 റൺസ് ആഖ്വിബ് ഇല്ല്യാസും (Aqib Ilyas) ഒമാൻ നായകൻ സീഷാൻ മഖ്‌സൂദും (Zeeshan Maqsood) ചേര്‍ന്ന് കൂട്ടിച്ചേർത്തത്. എന്നാൽ, അടുത്തടുത്ത ഓവറുകളിൽ ഇവർ മടങ്ങിയതോടെ 22.1 ഓവറിൽ 72-4 എന്ന നിലയിലേക്ക് ഒമാൻ വീണു. അവിടെ നിന്നും 32 ഓവറിലേക്ക് മത്സരം എത്തിയപ്പോഴേക്കും ഒമാൻ 120-6 എന്ന നിലയിലായി.
ഏഴാം വിക്കറ്റിൽ ഷോയ്ബ് ഖാൻ (Shoib Khan), നസീം ഖുഷി (Naseem Khushi) സഖ്യമാണ് ഒമാനെ വമ്പൻ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് ടീം ടോട്ടലിലേക്ക് 105 റൺസ് കൂട്ടിച്ചേർത്തിരുന്നു. അർധസെഞ്ച്വറി അടിച്ച ഖുഷിയെ മടക്കി ക്രിസ് ഗ്രേവ്സ് (Chris Greaves) ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മത്സരത്തിൽ പിന്നീട് എല്ലാം ചടങ്ങ് മാത്രമായിരുന്നു.
സ്കോട്‌ലന്‍ഡിനായി ക്രിസ് ഗ്രേവ്സ് അഞ്ച് വിക്കറ്റ് നേടി. മാർക് വാട്ട് (Mark Watt), മക്‌മലൻ, അഡ്രയാന്‍ നീൽ (Adrian Neill), മൈക്കിള്‍ ലീസ്‌ക് (Michael Leask) എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലൻഡ് മക്‌മലന്‍റെ സെഞ്ച്വറിക്കരുത്തിലാണ് തകർപ്പൻ സ്കോർ അടിച്ചെടുത്തത്. 121 പന്തിൽ 136 റൺസ് ആയിരുന്നു മക്‌മലന്‍റെ സമ്പാദ്യം. നായകൻ റിച്ചി ബെറിങ്ടണും (60) അർധസെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
Also Read :ODI World Cup Qualifier | ലങ്കയോട് 133 റണ്‍സിന് തോറ്റു; അയര്‍ലന്‍ഡിന്‍റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു