ഹരാരെ: ഏകദിന ലോകകപ്പ് ക്വാളിഫയറിൽ (Odi World Cup Qualifier) വെസ്റ്റ് ഇൻഡീസിനെ (West Indies) അട്ടിമറിച്ച് നെതർലൻഡ്‌സ് (Netherlands). സൂപ്പർ ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തിൽ 22 റൺസിന് ആണ് ഓറഞ്ച് പടയുടെ വിജയം. ലോഗൻ വാൻ ബീക്കിന്‍റെ (Logan Van Beek) തകർപ്പൻ പ്രകടനമാണ് സൂപ്പർ ഓവറിൽ നെതർലൻഡ്‌സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.
സൂപ്പർ ഓവറിൽ 30 റൺസ് ആണ് നെതർലൻഡ്‌സിനായി വാൻ ബീക്ക് അടിച്ചെടുത്തത്. വിൻഡീസിന്‍റെ പരിചയ സമ്പന്നനായ ഓൾറൗണ്ടർ ജേസൺ ഹോൾഡർ വാൻ ബീക്കിന്‍റെ ബാറ്റിന്‍റെ ചൂട് നല്ലതുപോലെ അറിഞ്ഞു. മൂന്ന് വീതം സിക്‌സറുകളും ഫോറുമാണ് നെതർലൻഡ്‌സ് താരം പറത്തിയത്.
സൂപ്പർ ഓവറിൽ ബൗൾചെയ്യാൻ എത്തിയപ്പോഴും വാൻ ബീക്ക് തന്നെ ആയിരുന്നു നെതർലൻഡിന്‍റെ ഹീറോ. ആദ്യ പന്തിൽ സിക്‌സ് വിട്ട് കൊടുത്തെങ്കിലും ജോൺസൺ ചാൾസ് (Johnson Charles) , റൊമാരിയോ ഷെഫേർഡ് (Romario Shepherd) എന്നിവരെ വീഴ്ത്തി ഒരുപന്ത് ശേഷിക്കേ വാൻ ബീക്ക് അവർക്ക് ജയമൊരുക്കി. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനം പിടിച്ച് സൂപ്പർ സിക്സിലേക്ക് കുതിക്കാനും ഓറഞ്ച് പടയ്ക്കായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 374 റൺസ് ആണ് നേടിയത്. നിക്കോളാസ് പുരാന്‍റെ (Nicholas Pooran) തകർപ്പൻ സെഞ്ചുറിയും (65 പന്തില്‍ 104*) ബ്രാൻഡൺ കിങ് (76) (Brandon King), ജോൺസൺ ചാൾസ് (54) എന്നിവരുടെ അർധ സെഞ്ച്വറികളും ആണ് വെസ്റ്റ് ഇൻഡീസിന് ഈ കൂറ്റൻ സ്കോർ സമ്മാനിച്ചത്.
വിൻഡീസിന്‍റെ വമ്പൻ സ്കോർ പിന്തുടരാൻ ഇറങ്ങിയ നെതർലൻഡ്‌സ് മത്സരത്തിന്‍റെ തുടക്കം മുതൽ അടി തുടങ്ങി. ഒന്നാം വിക്കറ്റിൽ 76 റൺസാണ് വിക്രംജീത് സിങ്ങും, മാക്സ് ഓ ഡൗഡും ചേർന്ന് നേടിയത്. പതിനൊന്നാം ഓവറിൽ ഡൗഡിനെ മടക്കി റോസ്റ്റോൺ ചേസ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13-ആം ഓവർ വീണ്ടും പന്തെറിയാൻ എത്തിയ ചേസ് വിക്രംജീത്തിനെയും തിരികെ പവലിയനിലെത്തിച്ചു.