ഹരാരെ:ഏകദിന ലോകകപ്പ് യോഗ്യത (ICC ODI World Cup Qualifier) റൗണ്ട് മത്സരത്തില്‍ അയര്‍ലന്‍ഡിനെ (Ireland) അട്ടിമറിച്ച് ഒമാന്‍ (Oman). സിംബാബ്‌വെയിലെ ബുലാവോയില്‍ നടന്ന മത്സരത്തില്‍ ഐറിഷ് പടയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഒമാന്‍ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ഒമാന്‍ മറികടക്കുകയായിരുന്നു.
74 പന്തില്‍ 72 റണ്‍സ് അടിച്ചെടുത്ത കശ്യപ് കുമാര്‍ പ്രജാപതിയാണ് (Kashyap Kumar Prajapati) മത്സരത്തില്‍ ഒമാന്‍റെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സീഷന്‍ മക്‌സൂദ് (59), ആഖ്വിബി ഇല്യാസ് (52) എന്നിവരും ഒമാനായി തിളങ്ങി.
282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മത്സരത്തിന്‍റെ നാലാം ഓവറില്‍ ജതീന്ദ്ര സിങ്ങിനെയാണ് അവര്‍ക്ക് ആദ്യം നഷ്‌ടപ്പെട്ടത്.
എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കശ്യപ് ആഖ്വിബ് സഖ്യമാണ് ഒമാന്‍ ജയത്തിന് അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പതിനെട്ടാം ഓവറില്‍ ആഖ്വിബിനെ പുറത്താക്കി ജോര്‍ജ് ഡോക്ക്‌റെല്‍ ആണ് അയര്‍ലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നീട് ക്രീസിലെത്തിയ നായകന്‍ സീഷനെ കൂട്ടുപിടിച്ചാണ് കശ്യപ് അവരുടെ സ്‌കോര്‍ ഉയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് അടിച്ചെടുത്ത ഇവരുടെ കൂട്ടുകെട്ട് ജോഷുവ ലിറ്റിലാണ് പൊളിച്ചത്. മത്സരത്തിന്‍റെ 28-ാം ഓവറില്‍ കശ്യപ് (72) ആയിരുന്നു പുറത്തായത്.