ഹരാരെ:ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത (ODI World Cup Qualifier 2023) ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്‍മാരായി ശ്രീലങ്ക (Srilanka). ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ (Netherlands) 128 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ശ്രീലങ്ക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 47.5 ഓവറില്‍ 233 റണ്‍സില്‍ പുറത്തായിരുന്നു. സഹന്‍ അരച്ചിഗെയുടെ (71 പന്തില്‍ 57) അര്‍ധസെഞ്ച്വറിയാണ് ഏഷ്യന്‍ സംഘത്തിന് മത്സരത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്കയ്‌ക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും സധീര സമരവിക്രമയും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കം നല്‍കി.
ആദ്യ വിക്കറ്റില്‍ 39 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 19 റണ്‍സ് നേടിയ സമരവിക്രമയെ മടക്കി വിക്രംജിത് സിങ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ പാതും നിസങ്കയേയും അവര്‍ക്ക് നഷ്‌ടപ്പെട്ടു. 44 റണ്‍സായിരുന്നു ഓപ്പണര്‍മാരെ നഷ്‌ടപ്പെടുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കുശാല്‍ മെന്‍ഡിസും അരച്ചിഗെയും ചേര്‍ന്ന് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 72 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 116ല്‍ നില്‍ക്കെ മെന്‍ഡിസിനെ (43) ലങ്കയ്‌ക്ക് നഷ്‌ടമായി. പിന്നാലെയെത്തിയവരില്‍ ചരിത് അസലങ്ക (36), വാനിഡു ഹസരങ്ക (29) എന്നിവരൊഴികെ മറ്റാര്‍ക്കും അധികം റണ്‍സ് കണ്ടെത്താനായില്ല.