ഡുനെഡിൻ:ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയം നേടാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നു. ഡുനെഡിനിലെ യൂണിവേഴ്‌സിറ്റി ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം ഒരുക്കിയത്.
വിജയത്തോടെ മൂന്ന് മത്സര പരമ്പയില്‍ ഒപ്പമെത്താന്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് കഴിയുകയും ചെയ്‌തു. മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിവീസ് പേസര്‍ ആദം മില്‍നെയുടെ പന്തില്‍ ശ്രീലങ്കന്‍ ബാറ്റര്‍ പത്തും നിസ്സങ്കയുടെ ബാറ്റ് ഒടിയുന്നതിന്‍റേതാണ് പ്രസ്‌തുത വീഡിയോ.
ലങ്കന്‍ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിലാണ് സംഭവം നടന്നത്. മില്‍നെയുടെ ഒരു ഇടിവെട്ട് പന്ത് ബാക്ക് ഫൂട്ടില്‍ പ്രതിരോധിക്കുന്നതിനിടെ നിസ്സങ്കയുടെ ബാറ്റിന്‍റെ പിടിക്ക് തൊട്ടുതാഴെ ഇടിഞ്ഞ് തൂങ്ങുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മില്‍നെയാണ് ലങ്കയുടെയും നടുവൊടിച്ചത്.
നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. ഇതോടെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 26 പന്തില്‍ 37 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.