കേരളം

kerala

ETV Bharat / sports

NZ vs IND : അപരാജിതരായി ലാഥവും വില്യംസണും ; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ അടിച്ചൊതുക്കി കിവികള്‍ - Tom Latham

വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ ടോം ലാഥത്തിന്‍റെ പ്രകടനമാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ഉറച്ച പിന്തുണ നല്‍കി

NZ vs IND  New Zealand vs India 1st ODI Highlights  New Zealand vs India  ന്യൂസിലന്‍ഡ് vs ഇന്ത്യ  ടോം ലാഥം  കെയ്‌ന്‍ വില്യംസണ്‍  Tom Latham  Kane Williamson
NZ vs IND: അപരാജിതരായി ലാഥവും വില്യംസണും; കിവീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി

By

Published : Nov 25, 2022, 3:21 PM IST

ഈഡൻ പാർക്ക് : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഏഴ്‌ വിക്കറ്റിന്‍റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 309 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ ടോം ലാഥത്തിന്‍റെ പ്രകടനമാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്.

104 പന്തില്‍ 19 ഫോറുകളും അഞ്ച് സിക്‌സും സഹിതം 145 റണ്‍സാണ് ലാഥം അടിച്ചുകൂട്ടിയത്. 98 പന്തില്‍ 94 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണും മിന്നി. വലിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ഓപ്പണര്‍മാരായ ഫിന്‍ അലനും ഡെവൺ കോൺവേയും ശ്രദ്ധയോടെയാണ് തുടങ്ങിയത്.

എട്ടാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഫിന്‍ അലനെ പന്തിന്‍റെ കയ്യിലെത്തിച്ച് ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 25 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്. വൈകാതെ കോൺവേയും തിരിച്ച് കയറി.

42 പന്തില്‍ 24 റണ്‍സാണ് കോണ്‍വെയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. പിന്നാലെ ഡാരില്‍ മിച്ചലും പുറത്തായതോടെ കിവീസ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലേക്ക് വീണു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച വില്യംസണും ലാഥവും കിവീസിനെ വിജയത്തിലേക്ക് നയിച്ചു.

നാലാം വിക്കറ്റില്‍ 221 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക് 10 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഒമ്പത് ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റുണ്ട്.

ശ്രേയസിനും ധവാനും ഗില്ലിനും അര്‍ധ സെഞ്ച്വറി :നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്.

76 പന്തില്‍ 80 റണ്‍സെടുത്ത ശ്രേയസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ഗില്ലും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സാണ് കണ്ടെത്തിയത്.

24ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഗില്ലിനെ കോണ്‍വേയുടെ കയ്യിലെത്തിച്ച് ലോക്കി ഫെര്‍ഗൂസണാണ് കിവീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 65 പന്തില്‍ 50 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ധവാനും മടങ്ങി. 77 പന്തില്‍ 72 റണ്‍സെടുത്ത ധവാനെ ടിം സൗത്തി ഫിന്‍ അലന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ റിഷഭ്‌ പന്ത് (23 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് ( 3 പന്തില്‍ 4) എന്നിവര്‍ വേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. 33ാം ഓവറില്‍ ഫെര്‍ഗൂസണാണ് ഇരുവരേയും തിരിച്ച് കയറ്റിയത്. പന്ത് ബൗള്‍ഡായപ്പോള്‍ സൂര്യയെ ഫിന്‍ അലന്‍ പിടികൂടി.

പിന്തുണയുമായി സഞ്ജു : തുടര്‍ന്നെത്തിയ സഞ്‌ജു സാംസണൊപ്പം ചേര്‍ന്ന് ശ്രേയസ്‌ അയ്യര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ സഞ്‌ജുവും ശ്രേയസും ചേര്‍ന്ന് 94 റണ്‍സാണ് നേടിയത്. 46ാം ഓവറില്‍ സഞ്‌ജുവിനെ വീഴ്‌ത്തി ആദം മില്‍നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 36 റണ്‍സെടുത്താണ് സഞ്‌ജു മടങ്ങിയത്.

ഈ സമയം 45.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 254 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ വാഷിങ്‌ടണ്‍ സുന്ദര്‍ തുടക്കം തൊട്ട് ആക്രമിച്ച് കളിച്ചതോടെ സ്‌കോര്‍ കുതിച്ചു. 50ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ശ്രേയസ് പുറത്താവുന്നത്.

നാല് ഫോറും നാല് സിക്‌സുമടങ്ങുതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ശാര്‍ദുല്‍ താക്കൂറാണ് (2 പന്തില്‍ 1) പുറത്തായ മറ്റൊരു താരം. 16 പന്തില്‍ 36 റണ്‍സടിച്ച് സുന്ദര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ABOUT THE AUTHOR

...view details