ന്യൂഡല്‍ഹി: വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന തരത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐക്കെതിരെ കോലി ശബ്ദമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോലിക്കെതിരെ ഗാംഗുലി നടപടിക്ക് ശ്രമിച്ചതെന്നായിരുന്നു വ്യാഴാഴ്‌ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
കോലിയോട് ടി20 ടീമിന്‍റെ നായക സ്ഥാനം രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതായി ഗാംഗുലി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്നോട് ഇക്കാര്യം ആരും തന്നെ പറഞ്ഞിട്ടില്ലെന്നും, ഏകദിന ക്യാപ്റ്റൻസിയെ സംബന്ധിച്ചും ആശയവിനിമയം നല്ലതാക്കാമായിരുന്നുവെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കോലി തുറന്നടിച്ചത്.
അതേസമയം ഇന്ത്യയുടെ ടെസ്റ്റ് നായക സ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കോലി നടത്തിയ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
'വിരാടിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കളിയുടെ എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നു. അദ്ദേഹത്തിന്‍റെ തീരുമാനം വ്യക്തിപരമാണ്, ബിസിസിഐ അതിനെ വളരെയധികം മാനിക്കുന്നു. ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. ഗ്രേറ്റ് പ്ലയര്‍. വെല്‍ഡണ്‍'- ബിസിസിഐയേയും കോലിയേയും മെന്‍ഷന്‍ ചെയ്‌ത് ഗാംഗുലി ട്വീറ്റ് ചെയ്‌തു.