മുംബൈ :ഇന്ത്യയുടെ മുന്‍ നായകന്‍ എംസ് ധോണിയ്‌ക്കാണ് 'ക്യാപ്റ്റൻ കൂൾ' എന്ന വിശേഷണമുള്ളത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും മൈതാനത്ത് ശാന്തതയോടെയും സമചിത്തതയോടെയുമുള്ള പെരുമാറ്റത്താലാണ് എംഎസ് ധോണി ഈ വിളിപ്പേര് സ്വന്തമാക്കിയത്. എന്നാല്‍ ആ വിശേഷണത്തിന് അര്‍ഹനായ മറ്റൊരു പേരുണ്ടെന്നാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപിൽ ദേവാണ് യഥാർഥ ‘ക്യാപ്റ്റൻ കൂൾ’ എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. 1983-ലെ ഏകദിന ലോകകപ്പിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കവെയാണ് സുനില്‍ ഗവാസ്‌കറിന്‍റെ വാക്കുകള്‍.
"ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള കപിലിന്‍റെ പ്രകടനങ്ങൾ കുറച്ചുകൂടി കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ലോകകപ്പിന്‍റെ ഫൈനലില്‍ വിവ് റിച്ചാർഡ്‌സിന്‍റെ ക്യാച്ചും മറക്കരുത്. അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസി ഡൈനാമിക് ആയിരുന്നു.
ഫോർമാറ്റിന് ആവശ്യമായത്. ഏതെങ്കിലും ഒരു കളിക്കാരൻ ക്യാച്ച് നഷ്‌ടപ്പെടുത്തിയാലും മിസ്സ് ഫീല്‍ഡ് ചെയ്‌താലും പുഞ്ചിരിയായിരുന്നു കപിലിന്‍റെ മുഖത്തുണ്ടായിരുന്നത്. അതാണ് അദ്ദേഹത്തെ യഥാർഥ ക്യാപ്റ്റന്‍ കൂള്‍ ആക്കുന്നത്" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
1983-ലെ എകദിന ലോകകപ്പിനായി കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ലെന്നതാണ് സത്യം. എന്നാല്‍ കപ്പുമായി തിരിച്ചെത്തിയ കപിലിന്‍റെ ചെകുത്താന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര തന്നെ മാറ്റി വരയ്‌ക്കുകയും ചെയ്‌തു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും കപില്‍ ദേവ് നടത്തിയ പ്രകടനം എടുത്ത് പറയേണ്ടതാണ്.
ലോക ക്രിക്കറ്റിലെ വമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് വേദിയില്‍ അന്നുവരെ വട്ട പൂജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച സംഘം വലിയൊരു സൂചന നല്‍കി. വിന്‍ഡീസിനെതിരെ 34 റണ്‍സിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്.
രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയത് ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടിയ ഇന്ത്യയെ കാത്തിരുന്നത് 162 റണ്‍സിന്‍റെ തോല്‍വിയായിരുന്നു. നാലാം മത്സരത്തില്‍ വീണ്ടും തങ്ങള്‍ക്കെതിരെ എത്തിയ ഇന്ത്യയെ 66 റണ്‍സിന് തോല്‍പ്പിച്ച് വിന്‍ഡീസ് കണക്ക് വീട്ടി.
ഇതോടെ സിംബാബ്‌വെയ്‌ക്ക് എതിരായ അടുത്ത മത്സരം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായി. കപില്‍ ദേവിന്‍റെ (175 നോട്ടൗട്ട്) അപരാജിത സെഞ്ചുറിയുടെ മികവില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യ കളി പിടിച്ചത്. ഏകദിനത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ സെഞ്ചുറിയും ഫോര്‍മാറ്റില്‍ അന്നുവരെയുള്ളതില്‍ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോറുമായും ഇതുമാറി. പിന്നാലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഓസീസിനോട് 118 റണ്‍സിന്‍റെ ജയം നേടി കണക്ക് തീര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയും ഉറപ്പിച്ചു.
ഏറ്റവുമധികം സാധ്യതകൾ കൽപ്പിച്ചിരുന്ന ഇംഗ്ലണ്ടായിരുന്നു സെമിയില്‍ ഇന്ത്യയുടെ എതിരാളി. എന്നാല്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലീഷ് പരീക്ഷ പാസായത്. കലാശപ്പോരില്‍ വിന്‍ഡീസായിരുന്നു ഇന്ത്യയ്‌ക്ക് എതിരെ നിന്നത്.
ALSO READ: Sarfaraz Khan| 'കളി കേമം, പക്ഷേ ആഘോഷം ഇഷ്‌ടമായില്ല'...സർഫറാസിനെ ഒഴിവാക്കാനുള്ള കാരണം അതി ഗംഭീരം...
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 54.4 ഓവറിൽ 183 റണ്‍സിന് ഓൾഔട്ട് ആയതോടെ വിന്‍ഡീസിന് തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന് ഏറെ പേര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസ് 140 റണ്‍സിന് പുറത്തായതോടെ ഇന്ത്യ 43 റണ്‍സിന്‍റെ സ്വപ്‌ന വിജയം കൈപ്പിടിയില്‍ ഒതുക്കി.