ജോഹന്നാസ്‌ബര്‍ഗ് : വര്‍ണ വിവേചനത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുട്ടിലിരിക്കാന്‍ വിസമ്മതിച്ചതില്‍ ടീമംഗങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റൺ ഡി കോക്ക്. മുട്ടിലിരിക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് വെസ്‌റ്റ്‌ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നും അതൊരു പ്രശ്‌നമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഡി കോക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിന്‍റെ പ്രസ്താവന പുറത്ത് വിട്ടത്. 'വംശീയതയ്‌ക്കെതിരെ നിലകൊള്ളേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കുന്നു. കളിക്കാരെന്ന നിലയിൽ ഒരു മാതൃക കാണിക്കാനുള്ള ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നു. ഞാൻ മുട്ടുകുത്തുന്നത് മറ്റുള്ളവരെ പഠിപ്പിക്കുകയും, മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെ ചെയ്യുന്നതിൽ തനിക്ക് കൂടുതൽ സന്തോഷമുണ്ട്'- ഡികോക്ക് പറഞ്ഞു.